03 September, 2019 10:09:27 PM


വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍: കെ ആര്‍ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു



കൊടുങ്ങല്ലൂര്‍: എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയുടെ സമൂഹമാധ്യമങ്ങളിലെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ എംആര്‍ വിപിന്‍ദാസിന്‍റെ പരാതിയിലാണ് കേസ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂര്‍ സിഐ പികെ പത്മരാജനാണ് പരാതി നല്‍കിയത്. കെ ആര്‍ ഇന്ദിരയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്‍റുകളോടുള്ള എഴുത്തുകാരിയുടെ പ്രതികരണങ്ങളുമാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. 

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ് (ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പൊതുവേ പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒരു വിഭാഗം ആളുകളെ അധിക്ഷേപിക്കുന്ന രീതിയില്‍ വന്ന പ്രതികരണത്തെ വിമര്‍ശിച്ചവര്‍ക്കും സമാനമായ രീതിയില്‍ തന്നെ അല്‍പം കൂടി രൂക്ഷമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് നിരവധിപ്പേര്‍ കെ ആര്‍ ഇന്ദിരയ്ക്കെതിരെ രംഗത്ത് എത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K