18 August, 2019 06:42:25 AM
ദേവാലയങ്ങളിലും കടകളിലും മോഷണം പതിവാക്കിയ യുവാവ് റാന്നിയിൽ പിടിയില്‍
പത്തനംതിട്ട: ദേവാലയങ്ങളിലും വ്യാപാരസ്‌ഥാപനങ്ങളിലും മോഷണം പതിവാക്കിയ ആള്‍ പിടിയില്‍. തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പില്‍ ഫക്രുദീന്‍ (46) ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ടയില്‍ അടുത്ത കാലത്തു ദേവാലയങ്ങളില്‍ നടന്ന കവര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് ജയദേവിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണു മോഷ്‌ടാവിനെ പിടികൂടിയത്. ഈ മാസം ആദ്യം കൊല്ലം അഞ്ചലില്‍ ഐസ് ഫാക്‌ടറിക്കു സമീപമുള്ള മീന്‍കടയില്‍ മോഷണം നടത്തി അര ലക്ഷം രൂപയുമായി കടന്ന ഇയാള്‍ നാട്ടില്‍ പെരുന്നാള്‍ ആഘോഷത്തിനു ശേഷം അടുത്ത മോഷണം ലക്ഷ്യമാക്കി പത്തനംതിട്ടയില്‍ എത്തിയപ്പോഴാണു വലയിലായത്.
20-ാം വയസില്‍ മോഷണം തുടങ്ങിയ ഫക്രുദീന്റെ പേരില്‍ സംസ്‌ഥാനത്തുടനീളം മോഷണക്കേസുകളുണ്ട്. ഏഴു മാസം മുമ്പാണു ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ആരാധനാലയങ്ങളാണ് പതിവു ലക്ഷ്യങ്ങള്‍. റാന്നി മന്ദമരുതി മാര്‍ത്തോമ്മാ പള്ളി, ഇടക്കുളം ക്‌നാനായ പള്ളി, ഓമല്ലൂര്‍ ഒഴുവട്ടമ്പലം, ഇലന്തൂര്‍ രാജ് ഹോട്ടല്‍ എന്നിവിടങ്ങളിലെ മോഷണത്തിനു പിന്നില്‍ താനാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. റാന്നി അങ്ങാടിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് പച്ചക്കറിക്കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു പ്രതി ഫക്രുദീന്‍ വലയിലായത്