01 August, 2019 03:53:04 PM
അമേരിക്കന്‍ അംബാസിഡറായി തന്നെ ശിപാര്‍ശ ചെയ്ത ജയശങ്കരന്‍ വക്കീലിനെ സുപ്രീംകോടതി ജഡ്ജിയാക്കണം - ശ്രീമതി ടീച്ചര്‍
കണ്ണൂർ: കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അഡ്വ.എ. ജയശങ്കറിന്‍റെ നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും കണക്കിലെടുത്താല്‍ ഒരു സുപ്രീംകോടതി ജഡ്ജി പദവിയ്ക്ക് എങ്കിലും അര്‍ഹതയുണ്ടന്ന് പരിഹസിച്ച് പി.കെ.ശ്രീമതി ടീച്ചര്‍. തന്നെ അമേരിക്കന്‍ അംബാസിഡറാക്കണമെന്ന് ശിപാര്‍ശ ചെയ്ത അദ്ദേഹത്തെ അറ്റോണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആയി പരിഗണിക്കണമെന്നും ശ്രീമതി ടീച്ചര്‍ തിരിച്ചടിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ തിരിച്ചടി.
നെരുവമ്പറം യുപി സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച തന്നെ തയ്യല്‍ ടീച്ചറെന്ന് പരിഹസിക്കുന്ന അസൂയാലുക്കളാണ് അനിയനെ കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ പരിഹസിക്കുന്നതെന്നും ടീച്ചര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
'പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ. എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും' കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്.കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യൽ ടീച്ചർ' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.'