31 July, 2019 08:45:17 AM


മലയാളിയുടെ കപ്പൽ മുങ്ങുന്നു; വൈറ്റില പാലവും സസ്പെൻഷനും സർക്കാരിന്‍റെ തട്ടിപ്പെന്ന് ഹരീഷ് വാസുദേവൻ



കൊച്ചി: മലയാളിയുടെ കപ്പൽ മുങ്ങുകയാണ്. വൈറ്റില പാലം ഉൾപ്പെടെ പാലം പണികളിലെല്ലാം ക്രമക്കേട് ഉണ്ടെന്നിരിക്കെ സസ്പെൻഷൻ നാടകം സർക്കാരിന്റെ തട്ടിപ്പിന്റെ മറ്റൊരു മുഖമെന്ന് പ്രമുഖ അഭിഭാഷകൻ ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. മുങ്ങുന്ന, അല്ല മുക്കുന്ന കപ്പലിന്റെ കഥയിലൂടെയാണ് ഹരീഷ് ഇത് ചൂണ്ടി കാട്ടുന്നത്. തന്റെ ഫേസ്ബുക്ക് പേജിൽ ഹരീഷ് കുറിച്ചിരിക്കുന്നതിങ്ങനെ.



''വൈറ്റില പാലവും സസ്‌പെൻഷനും.


സർക്കാർ, അതേതായാലും അടിമുടി തട്ടിപ്പാണ്. അഴിമതിയാണ്. അന്വേഷിക്കുന്തോറും തട്ടിപ്പിന്റെ ആഴങ്ങൾ നമ്മെ ഭയപ്പെടുത്തും, അത്ഭുതപ്പെടുത്തും. ഉറക്കം കെടുത്തും. തട്ടിപ്പിന്റെയും അഴിമതിയുടെയും അളവിൽ മാത്രമേ പാർട്ടികൾ തമ്മിൽ വ്യത്യാസമുള്ളൂ. എല്ലാവർക്കും ഷോ നടത്താൻ പണം വേണമെന്ന് കൊച്ചു കുട്ടികൾക്ക് പോലുമറിയാം. സിസ്റ്റത്തിനുള്ളിൽ സത്യസന്ധരായ മനുഷ്യരുണ്ട്. എങ്കിലും സിസ്റ്റം തലപ്പത്ത് തട്ടിപ്പ് തുടരുന്നിടത്തോളം, സിസ്റ്റം പൊളിച്ചു പണിയാത്തിടത്തോളം, ഒറ്റപ്പെട്ട വ്യക്തികൾക്ക് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. എതിർത്താൽ അവർ കൂടി പുറത്താകുമെന്നല്ലാതെ.


അടിമുടി തട്ടിപ്പായ ഈ സംവിധാനം പിന്നെങ്ങനെ ഓടുന്നു? അതിൽ സത്യസന്ധമായി പണിയെടുക്കുന്ന ചില മനുഷ്യർ അത്യധ്വാനം ചെയ്യുന്നത് കൊണ്ടാണ്. ഒരു കഥ പറയാം.

A യും B യും കപ്പലിന്റെ സുരക്ഷാ ജീവനക്കാരാണ്. 'A' എന്നയാൾ ഇടയ്ക്ക് കപ്പലിന്  തുളയിടുമ്പോൾ 'B' എന്നയാൾ ഓടി നടന്നു അത്യധ്വാനം ചെയ്തു തുള അടയ്ക്കുന്നത് കൊണ്ടാണ് കപ്പലിൽ വെള്ളം കേറാത്തത്. A യ്ക്കും B യ്ക്കും ഒരേ ജോലിക്കാണ് ശമ്പളം കിട്ടുന്നത്, കപ്പൽ നന്നായി ഓടാൻ. പുറത്തു നിന്ന് നോക്കുന്നവർക്ക് കപ്പലിൽ ഒരു കുഴപ്പവുമില്ല. B ഒരു ദിവസം വിശ്രമിച്ചാൽ A അന്നിടുന്ന ഒരു തുളയിലൂടെ അൽപ്പം വെള്ളം കേറും. പെട്ടെന്നൊന്നും ആരും അറിയുകയുമില്ല. "A കപ്പലിന് തുളയിടുന്നേ" എന്നു വിളിച്ചുപറയണമെന്ന് B യ്ക്ക് ആഗ്രഹമുണ്ട്. ആളുകൾ പേടിക്കുമല്ലോ എന്നു കരുതി B ആദ്യം പോയി കപ്പിത്താനോട് കാര്യം പറയുന്നു. കപ്പിത്താൻ അത് അവഗണിക്കുന്നു. അന്വേഷിക്കാം എന്നു പറയുന്നു. വീണ്ടും B തെളിവ് സഹിതം പറയുന്നു. പരാതി എഴുതി തരാൻ പറയുന്നു. തുളകണ്ടിട്ടും അടയ്ക്കാൻ ഒരു ദിവസത്തെ വീഴ്ച വരുത്തിയ കാരണത്താൽ കപ്പിത്താൻ B യെ പിരിച്ചുവിടുന്നു !!  


ആ ഘട്ടത്തിൽ B യ്ക്ക് മനസിലായി, A ഇത് ചെയ്യുന്നത് കപ്പിത്താൻ കൂടി അറിഞ്ഞാണ്. B യുടെ പകരക്കാരൻ ആയി കയറുന്ന C യോട് B പറയും, "സൂക്ഷിക്കണം, അറിഞ്ഞാലും കപ്പിത്താനോട് പറഞ്ഞിട്ട് കാര്യമില്ല. അങ്ങേര് ഇത് മുക്കാൻ rival കപ്പൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്". B യുടെ അനുഭവത്തിൽ നിന്ന് C പാഠം പഠിക്കുന്നു. C യ്ക്ക് മുന്നിൽ 3 വഴികളെ ഉള്ളൂ. ഒന്നുകിൽ ഓടി നടന്നു തുളയടച്ചു മടുക്കുക. വീഴ്ച വന്നാൽ പുറത്താകും. രണ്ട്, കപ്പിത്താനും A യക്കും ഒപ്പം ചേർന്ന് തുളയിട്ട് കപ്പൽ മുക്കാൻ കൂടുക. കാശും കിട്ടും പിടിച്ചാൽ മാനവും പോകും. മൂന്ന്, പണി കൃത്യമായി എടുക്കുന്നതോടൊപ്പം രഹസ്യമായി ഇത് കപ്പൽ യാത്രക്കാരെ അറിയിക്കുക. 


C യുടെ മൂന്നാമത്തെ ദൗത്യത്തിനു പറയാവുന്ന പേരാണ് 'വിസിൽ ബ്ലോവർ'. ഓടുന്ന കപ്പലിന് തുളയിടുന്നവരെപ്പറ്റി രഹസ്യമായി അതിന്റെ കെടുതി അനുഭവിക്കുന്നവരെ അറിയിക്കുക. അത് ചട്ടപ്രകാരം കുറ്റമായിരിക്കാം. പക്ഷെ അത് ചെയ്തില്ലെങ്കിൽ കപ്പൽ മുങ്ങും.


സർക്കാർ ജോലിയിൽ ഇപ്പോൾ കയറുന്ന ഏതൊരു വ്യക്തിക്കും മേലെ C യ്ക്ക് കിട്ടിയതുപോലെ 3 ഓപ്‌ഷനുകൾ ആണുള്ളത്. എത്രയോ വിസിൽ ബ്ലോവർമാർ എവിടെയൊക്കെയോ ഇരുന്ന് പണിയെടുത്തുകൊണ്ട് ചോർത്തി നൽകുന്ന വാർത്തകളാണ് സർക്കാരുകളെ നവീകരിക്കാൻ, ഓഡിറ്റ് ചെയ്യാൻ പൊതുജനത്തെ സഹായിക്കുന്നത്. അവരില്ലെങ്കിൽ ഈ കപ്പൽ എന്നേ മുങ്ങിയേനെ !!


വൈറ്റില പാലം അപകടാവസ്ഥയിൽ എന്ന വാർത്ത ലോകം അറിയാൻ കാരണമായി എന്നത് ആരെയെങ്കിലും പിരിച്ചുവിടാനുള്ള കാരണമായെങ്കിൽ, C എന്നയാളും കപ്പലിൽ ഇനി ഉണ്ടാവില്ല എന്നേ അതിനർത്ഥമുള്ളൂ. എത്രയോ പാലങ്ങളുടെ അഴിമതി സർക്കറിനറിയാം. ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഇല്ലല്ലോ.


സുതാര്യത നിയമാവകാശവും ഉത്തരവാദിത്തവും ആയ കാലത്ത് വിസിൽ ബ്ലോവർമാരെക്കൂടി ശിക്ഷിച്ചാൽ ഈ കപ്പൽ മുങ്ങുന്നത് കാണുന്ന ആരും ഇനി ശബ്ദിക്കില്ല എന്ന് മലയാളി ഓർക്കണം. 


അഡ്വ.ഹരീഷ് വാസുദേവൻ.''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K