27 July, 2019 04:46:44 PM


പൂർണ്ണ വൃത്തിയിലേക്ക് ചുവടുവച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്; പദ്ധതികളുടെ ഉദ്ഘാടനം 30ന്

 



കൊല്ലം: മാലിന്യത്തിൽ നിന്നും പൂർണ വിമുക്തി ലക്ഷ്യമാക്കി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ശുചിത്വ പദ്ധതികൾ ഉദ്ഘാടനത്തിനോരുങ്ങി. കടയ്ക്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആധുനികരീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ, കടയ്ക്കൽ പൊതുചന്തയിൽ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എം.സി.എഫ് എന്നിവയാണ് 30ന് ഉദ്ഘാടനം ചെയ്യുന്നത്. മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽവച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും നടക്കും. 

ദേശീയ ഹരിത ട്രിബ്യൂണലും  സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും, മാലിന്യസംസ്കരണം അടിസ്ഥാനമാക്കി കടയ്ക്കലിനെ മാതൃക ഗ്രാമപഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. അതിനാൽ അവരുടെ മാനദണ്ഡങ്ങൾ അനുസൃതമായാണ് ശുചിത്വ പദ്ധതികൾ ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കിയതെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ. എസ് ബിജു പറഞ്ഞു. ശുചിത്വമിഷന്റെ സാമ്പത്തിക സഹായം പരമാവധി ലഭ്യമാക്കാൻ പഞ്ചായത്തിനു സാധിച്ചതായി പ്രസിഡന്റ് പറഞ്ഞു.

കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിനോട് ചേർന്നു 20 ലക്ഷം രൂപ ചിലവഴിച്ചാണ്  തികച്ചും ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ചത്. ശോചനീയാവസ്ഥയിൽ സ്ഥിതിചെയ്തിരുന്ന പഴയ  കംഫർട്ട് സ്റ്റേഷൻ പൊളിച്ചു കളഞ്ഞ സ്ഥാനത്താണ് പുതിയ കംഫർട്ട് സ്റ്റേഷൻ പണിതത്. ശുചിത്വ മിഷന്റെ  'സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതി' കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തി. സാധാരണ കംഫർട്ട് സ്റ്റേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി നാപ്കിൻ വെൻഡിംഗ് യൂണിറ്റ്, വിശ്രമ കേന്ദ്രം, ഇരിപ്പിടങ്ങളോടുകൂടി തികച്ചും സ്ത്രീസൗഹൃദ മായാണ്   കംഫർട്ട് സ്റ്റേഷൻ ഒരുക്കിയിട്ടുള്ളത്. 

140 മുറികളുള്ള കടയ്ക്കൽ  ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സും  ബസ്സറ്റാൻഡിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ കൂടുതൽ പൊതുജനങ്ങൾക്ക് കംഫർട്ട് സ്റ്റേഷൻ സൗകര്യം ഏറെ  പ്രയോജനപ്പെടും. ജൈവ- അജൈവ മാലിന്യ സംസ്കരണത്തിനായുള്ള പദ്ധതികളും കടയ്ക്കൽ പഞ്ചായത്തിൽ പൂർത്തിയായി കഴിഞ്ഞു. ജൈവ മാലിന്യ സംസ്കരണത്തിനായി  കടയ്ക്കൽ പൊതു ചന്തയോടു ചേർന്ന്  28.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള ബയോഗ്യാസ് പ്ലാന്റ് പൂർത്തിയാക്കിയത്. ഇതിൽ 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, 21, 38400 രൂപ ശുചിത്വമിഷൻ സഹായവുമാണ്.

പാലക്കാട് മുണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ആർ.ടി.സിക്കായിരുന്നു പ്ലാന്റിന്റെ നിർമ്മാണചുമതല. ദിനംതോറും ഒരു ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ഈ പ്ലാന്റ് വഴി സാധിക്കും. ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടി ചന്തയിലെ മാലിന്യപ്രശ്നത്തിന്  പൂർണ പരിഹാരമാകും. പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ നിന്ന് ലഭിക്കുന്ന ബയോഗ്യാസ്   ചന്തയോടു  ചേർന്ന് പ്രവർത്തിക്കുന്ന കടകൾക്ക് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. 

പ്ലാസ്റ്റിക് വിമുക്ത ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാക്കാനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനവും കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സജീവമാണ്. പ്ലാസ്റ്റിക് മാലിന്യ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കാൻ വിപുലമായ സൗകര്യങ്ങളോടുകൂടിയു ള്ള  എം. സി. എഫ് നിർമ്മാണവും പഞ്ചായത്തിൽ പൂർത്തിയായി. നഗരമധ്യത്തിൽ നിന്നും  മാറി ചായിക്കോടാണ് എം. സി.എഫ് നിർമ്മിച്ചിരിക്കുന്നത്. മുൻപ് കടയ്ക്കൽ ടൗണിനോട് ചേർന്ന് ആയിരുന്നു എംസിഎഫ്  പ്രവർത്തിച്ചിരുന്നത്. 

പഞ്ചായത്തിലെ 90% പ്ലാസ്റ്റിക് മാലിന്യവും സംസ്കരിക്കാൻ   സാധിക്കുന്ന തരത്തിൽ എല്ലാ ആധുനിക പ്ലാസ്റ്റിക് സംസ്കരണം രീതികളും ചേർന്നതാണ് പുതിയ എം.സി. എഫ്. പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിന് പുറമേ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള സംസ്കരിക്കാൻ ബേ യിലിഗ് യൂണിറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്കരണത്തിലൂടെ ലഭിക്കുന്ന പൗഡർ ഉപയോഗപ്പെടുത്തി റോഡ് ടാറിങ് നടത്തിയ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് കടയ്ക്കൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K