15 July, 2019 12:54:50 PM
'പാര്‍ട്ടി ഗ്രാമം പോലെ ഒരു പാര്‍ട്ടി കോളേജ്, വേറെ സംഘടനകള്‍ ഇല്ലാത്തതുകൊണ്ട് എസ്.എഫ്.ഐ എസ്.എഫ്.ഐക്കാരെ കുത്തുന്നു' - മുന്‍ യൂണിയന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തിന് പിന്നാലെ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി. പാര്‍ട്ടി ഗ്രാമം പോലെ ഒരു പാര്‍ട്ടി കോളേജാണ് യൂണിവേഴ്‌സിറ്റി കോളേജെന്ന് പറയുന്ന ഡോ. എസ് എസ് ലാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. കുത്താന്‍ വേറെ സംഘടനകളില്‍ ആരും ബാക്കിയില്ലാത്തതുകൊണ്ടാണ് എസ്.എഫ്.ഐ. സ്വന്തം സംഘടനയിലുള്ളവരെ കുത്തുന്നതെന്നും ഇനിയും ഇതൊരു വിജയമായി കരുതുന്നെങ്കില്‍ പിന്നെ അവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'നാന്‍' പഠിച്ച കോളേജ് !
യൂണിവേഴ്‌സിറ്റി കോളേജ്. ഞാനും പഠിച്ച കോളേജാണിത്. പക്ഷേ, ഈ കോളേജിന്‍റെ ഇന്നത്തെ അവസ്ഥയില്‍ വളരെ ദുഖമുണ്ട്.
ഇവിടെ നിന്ന് നിയമസഭ, സെക്രട്ടേറിയറ്റ് തുടങ്ങിയ ജനാധിപത്യത്തിന്‍റെ സ്ഥാപനങ്ങളിലേക്കും 'ജനാധിപത്യ'ത്തില്‍ വിശ്വസിക്കുന്ന നിരവധി പാര്‍ട്ടികളുടെ ഓഫീസുകളിലേക്കും നടന്നു പോകാനുള്ള ദൂരമേയുള്ളൂ. അവിടേയ്‌ക്കൊക്കെ ഈ സ്ഥാപനത്തില്‍ നിന്നും പണ്ടു കാലത്ത് നടന്നു കയറിയവരും നിരവധിയാണ്. എന്നാല്‍ ജനാധിപത്യത്തെ കൊല ചെയ്യുന്നതിന്‍റെ പാഠങ്ങളാണ് ഈ കോളേജില്‍ നിന്നും വര്‍ഷങ്ങളായി കേള്‍ക്കുന്നത്.
എസ്.എഫ്. ഐ. അല്ലാതെ ആര്‍ക്കും അവിടെ ജീവിക്കാന്‍ പറ്റാതായിട്ട് പതിറ്റാണ്ടുകള്‍ ആയി. പാര്‍ട്ടി ഗ്രാമം പോലെ ഒരു പാര്‍ട്ടി കോളേജ്. കുത്താന്‍ വേറെ സംഘടനകളില്‍ ആരും ഇനി ബാക്കിയില്ലാത്തതുകൊണ്ട് എസ്.എഫ്.ഐ. ഇതാ എസ്.എഫ്.ഐ. ക്കാരെത്തന്നെ കുത്തുന്നു. ഇനിയും ഇതൊരു വിജയമായി കരുതുന്നെങ്കില്‍ പിന്നെ അവരോട് സംസാരിച്ചിട്ട് കാര്യമില്ല. മറ്റു വഴികള്‍ നോക്കണം.
ഇടതുപക്ഷ കുടുംബങ്ങളില്‍ നിന്ന് വന്നിട്ടു പോലും ഇവിടത്തെ ജനാധിപത്യ ധ്വംസനങ്ങളെ എതിര്‍ത്തതു കാരണം ആക്രമിക്കപ്പെട്ടവരോ കോളേജ് ഉപേക്ഷിച്ചു പോകേണ്ടി വന്നവരോ ആയ നിരവധി പേരെ എനിക്കറിയാം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോളേജാണിത്. ഇവിടെ ജനാധിപത്യം കൊണ്ടുവരാനുള്ള വലിയ ഉത്തരവാദിത്തം കെ.എസ്.യുവിനുമുണ്ട്. പക്ഷേ, കെ.എസ്.യു. നേതാവാകാനോ അതുവഴി ചുളുവിന് എം.എല്‍.എ. യോ മന്ത്രിയോ ഒക്കെ ആകാനോ ഇത്തരം ഉടുപ്പുടയുന്ന പരിപാടികളൊന്നും ആവശ്യമില്ലാത്തതിനാല്‍ ആ പ്രതീക്ഷയും വേണ്ട. ആരോ ഇന്ന് എഴുതിയതു പോലെ അവനവന്‍റെ മക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുക.
പരസ്പരം ഭയക്കാതെ മുഴുവന്‍ പേര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പഠിക്കാനും മനസിലുള്ളത് ധൈര്യമായി പുറത്തു പറയാനും പ്രകടിപ്പിക്കാനും ഒക്കെ കഴിയുന്ന കലാശാലകളാണ് നമുക്ക് വേണ്ടത്. അല്ലാതെ ഇന്നാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതു പോലെ പാര്‍ട്ടി ജയിലുകള്‍ അല്ല
അക്രമത്തിന്‍റെ എല്ലാ തിരിയും തരിയും അണയുന്ന ഒരു നല്ല കാലം വരുമെന്ന് വെറുതേയെങ്കിലും ആഗ്രഹിക്കാം.
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും .....
വാലറ്റം: ഡിഗ്രി, മാസ്റ്റര്‍ കോഴ്‌സുകളില്‍ പ്രതിശീര്‍ഷ റാങ്കിന്‍റെ കാര്യത്തില്‍ ഈ കോളേജ് കേരളത്തില്‍ ഏറ്റവും മുന്നിലായിരുന്ന ഒരു ചരിത്രവുമുണ്ട്. കേരളം കണ്ട വലിയ മഹാന്മാര്‍ ഇവിടെ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും കൂടാതെ.
ഡോ: എസ്.എസ്. ലാല്‍
(യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച് പ്രവേശന പരീക്ഷയിലൂടെ മെഡിസിന് കയറാന്‍ ഭാഗ്യം ലഭിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍)