02 June, 2019 03:24:33 PM


'സര്‍ക്കാര്‍ വിദ്യാലയത്തിന്‍റെ' മേന്മ പറഞ്ഞ് ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച പ്രതിഭക്കെതിരെ പരിഹാസ പെരുമഴ




കൊല്ലം: സ്വന്തം പാര്‍ട്ടി തട്ടകത്തില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയതിനു ശേഷം കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ എത്തിയ കായംകുളം എംഎല്‍എ യു.പ്രതിഭ സ്വയം കുഴിച്ച കുഴിയില്‍ വീണ് പരിഹാസമേറ്റു വാങ്ങുകയാണ്. വേനലവധിക്ക് ശേഷം ആദ്യ ദിനം സ്‌കൂളില്‍ പോകുന്ന മകന്‍റെ ചിത്രം ബിന്ദു കൃഷ്ണ പോസ്റ്റു ചെയ്തതിനു പിന്നാലെ പ്രതിഭ എംഎല്‍എ സര്‍ക്കാര്‍ സ്‌കൂളിന്റെ മേന്മ പറഞ്ഞ് ഇതേ ചിത്രം സഹിതം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.


എന്നാല്‍ കേന്ദ്രീയ വിദ്യാലയം സര്‍ക്കാര്‍ വിദ്യാലയം ആണെന്നുള്ള അറിവ് പോലും എംഎല്‍എയ്ക്ക് ഇല്ലേയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ബിന്ദു കൃഷ്ണയും പ്രതിഭയ്‌ക്കെതിരെ രംഗത്തെത്തി. ഇത് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പാകാം പ്രതിഭയുടെ പോസ്റ്റെന്നും ബിന്ദു കൃഷ്ണ തിരിച്ച് 'കൊട്ടും' നല്‍കി.


ബിന്ദു കൃഷ്ണ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ കേന്ദ്രീയ വിദ്യാലയം നേരത്തെ തുറന്നുവെന്ന്  കമന്‍റായി നല്‍കിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതിഭാ എംഎല്‍എയുടെ നീണ്ട പോസ്റ്റ്. എന്നാല്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നതിനു പിന്നാലെ എംഎല്‍എ പോസ്റ്റില്‍ തിരുത്തല്‍ വരുത്തി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് താന്‍ എതിരാണെന്നുള്ള പ്രചാരണം ശരിയല്ലെന്നായിരുന്നു പ്രതിഭാ എംഎല്‍എയുടെ തിരുത്തല്‍.


പ്രതിഭാ എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:


കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് (ഈ ഫോട്ടോയിൽ കാണുന്ന മകനോട് സ്നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകൾ). രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോൾ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു.

ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ .. 

നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ ഇരിക്കെ നിരന്തരമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ക്യാംപയിൻ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവർത്തകരായിരുന്നു രണ്ട് അംഗങ്ങൾ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേർത്തു. 

... നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കൾ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്... ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ.. സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടവരാണ് നമ്മൾ .. എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K