02 June, 2019 01:37:50 AM
ആറന്മുളയില്‍ എഎവൈ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന എഎവൈ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. വിദേശ ജോലികളും 1000 ച. അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളും ഉള്ളവര്‍ കൈവശം വച്ചിരുന്ന കാര്‍ഡുകളാണ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കോഴഞ്ചേരി താലൂക്കില്‍ മുന്‍ഗണന, അന്തേ്യാദയ അന്നയോജന കാര്‍ഡുകള്‍ ഇനിയും അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ ജൂണ്‍ 15നകം താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം അനര്‍ഹമായി ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവിലയും പിഴയും ഈടാക്കും.
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യണം. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, ലിസി സാം എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.