07 May, 2019 06:05:07 PM
'നൂറ് രൂപയുടെ ഫ്ലക്സ് ഇപ്പോഴും ഉണ്ട്, 750 കോടി രൂപയുടെ പാലം കീറി'; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചി: മൂന്ന് വര്‍ഷം മുമ്പ് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമാകുന്നുവെന്നറിഞ്ഞപ്പോള്‍ വെച്ച ഫ്ലക്സിന് ഇന്നും ഒരു കേടുമില്ല. അതേസമയം 750 രൂപ മുടക്കി പണിത പാലത്തിന്‍റെ ചീട്ട് കീറുകയും ചെയ്തു. പാലം യാഥാര്‍ത്ഥ്യമാക്കിയ ജനനേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് തൃക്കാക്കര നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സ്ഥാപിച്ച ഫ്ലക്സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരുടെ ചിത്രം സഹിതമാണ് പാലാരിവട്ടം ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമാക്കിയ ജനനായകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് നിരത്തുകളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. അവയില്‍ ഇന്നും നിലകൊള്ളുന്ന ഒരു ഫ്ലക്സിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നൂറ് രൂപയുടെ ഫ്ലക്സ് ഇപ്പോഴും ഉണ്ട് 750 കോടി രൂപയുടെ പാലം കീറി എന്നാണ് ഇതോടൊപ്പം ഉള്ള കമന്‍റ്.
ഇതോടൊപ്പം പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം പുകമറ സൃഷ്ടിക്കുകയേ ഉള്ളുവെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും ആവശ്യം ഉയര്‍ന്നു. പാലാരിവട്ടം പാലം പണിത അതേ കോണ്‍ട്രാക്ടര്‍ തന്നെ ഇതേ റോഡില്‍ വൈറ്റിലയിലും കുണ്ടന്നൂരിലും രണ്ട് പാലങ്ങള്‍ പണിയുന്നതും ഈ നിലയിലാവുമോ എന്ന് സംശയമുണ്ടെന്നും ജനപക്ഷം നേതാവ് ബെന്നി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നു.