10 April, 2019 10:53:00 PM
വിഷു ഉത്സവത്തിന് അണക്കെട്ട് തുറക്കുന്നു : പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ശബരിമല മേട മാസ പൂജ, വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പ ത്രിവേണി സ്നാനസരസില്‍ ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനായി പമ്പ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടുന്നതിന് ജില്ലാ കലക്ടര്‍ പിബി നൂഹ് ഉത്തരവിറക്കി. ജലം തുറന്നു വിടുന്നതിനാല്‍ പമ്പാ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പമ്പ അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വ് തുറന്നുവിട്ട് ജലം കൊച്ചുപമ്പാ വിയറിലെ തടയണയില്‍ ശേഖരിച്ച ശേഷം തടയണയില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് ഇന്ന് മുതല്‍ 19 വരെ തുറന്നുവിടുന്നത്. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.