20 March, 2019 02:07:41 PM


മതവിശ്വാസം തകര്‍ക്കുന്നവരുടെ പരാജയം ലക്ഷ്യം; പി.സി.ജോര്‍ജ് മത്സരിക്കില്ല



പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും പി സി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കില്ല. നേരത്തെ, പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് തന്നെ മത്സരിക്കുമെന്നും ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ പി സി ജോര്‍ജിന്‍റെ പാര്‍ട്ടി മാറ്റിയിരിക്കുന്നത്. ആചാര അനുഷ്ഠാനങ്ങളെയും മതവിശ്വാസങ്ങളെയും തകര്‍ക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങേണ്ട സമയമായെന്നും ജനപക്ഷം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.


കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് നേരത്തെ പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു. യു‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ ജോര്‍ജും പാര്‍ട്ടിയും ഉപേക്ഷിച്ചിട്ടില്ല. 


ശബരിമല വിഷയത്തിലടക്കം വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാട് എടുത്ത പി സി ജോര്‍ജ് നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഇതേ വിഷയത്തില്‍ നിയമസഭയില്‍ കറുപ്പണിഞ്ഞും എത്തിയിരുന്നു. പത്തനംതിട്ടയില്‍ പി സി ജോര്‍ജ് മത്സരിച്ചാല്‍ അത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ജനപക്ഷത്തിന്‍റെ പുതിയ തീരുമാനം വന്നിരിക്കുന്നത്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജും യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംപി ആന്‍റോ ആന്‍റണിയും മത്സരിക്കുമ്പോള്‍ എന്‍ഡിഎയ്ക്കായി കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് നിലവില്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K