16 March, 2016 10:19:44 AM
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. സി.പി.എം മുൻ പഞ്ചായത്തംഗം പ്രകാശൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സുനിൽ എന്നിവരാണ് ബുധനാഴ്ച അർധരാത്രിയോടെ പിടിയിലായത്. ഇനിയും പ്രതികൾ പിടിക്കപ്പെടാനുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചേപ്പാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഏവൂര്‍ വടക്ക് സുനി ഭവനത്തില്‍ സുന്ദരന്‍െറ മകന്‍ സുനില്‍കുമാ (28) റിനെയാണ് മാതാപിതാക്കളുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും കണ്‍മുന്നിലിട്ട് ആക്രമികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പെയിൻറിങ് തൊഴിലാളിയായ സുനിൽകുമാർ, രണ്ട് വർഷം മുമ്പാണ് ഡി.വൈ.എഫ്.ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നത്.
ആക്രമി സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. പുലര്‍ച്ചെ ആക്രമിസംഘം വീട്ടിലെത്തിയപ്പോള്‍ ഭയന്നോടിയ സുനില്‍ തൊട്ടടുത്ത പറമ്പിലെ മരത്തിന്‍െറ വേരില്‍ തട്ടി വീണു. പിന്നാലെയെത്തിയ ആക്രമികള്‍ തുരുതുരെ വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോൾ അക്രമി സംഘം രക്ഷപ്പെട്ടു. വെട്ടേറ്റ് രക്തംവാര്‍ന്ന് മൃതപ്രായനായ സുനിലിനെ കരീലകുളങ്ങര പൊലീസെത്തി ഹരിപ്പാട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.