06 January, 2017 07:16:26 PM


അതിരമ്പുഴ തിരുനാള്‍ 19ന് കൊടിയേറും; നഗരപ്രദക്ഷിണവും വെടിക്കെട്ടും 24ന്



ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് 19ന് രാവിലെ 5.45ന് വികാരി ഫാ.സിറിയക് കോട്ടായിലിന്‍റെ കാര്‍മ്മികത്വത്തില്‍ കൊടിയേറും24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍. 24നാണ് പ്രസിദ്ധമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. 


19 മുതല്‍ 31 വരെ എല്ലാ ദിവസവും രാവിലെ സപ്രാ, വി കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നീ ചടങ്ങുകള്‍ നടക്കും. 19ന് വേദഗിരി സ്പിന്നിംഗ് മില്ലില്‍ നിന്നും ആദ്യകഴുന്ന് പ്രദക്ഷിണം നടക്കും. 20ന് പടിഞ്ഞാറ്റും ഭാഗം,21ന് തെക്കുംഭാഗം, 22ന് കിഴക്കുംഭാഗം, 23ന് വടക്കുംഭാഗം എന്നീക്രമത്തിലാണ് കഴുന്ന്  പ്രദക്ഷിണങ്ങള്‍. 24ന് ഇടവകക്കാരായ വൈദികരുടെ സമൂഹബലിയെ തുടര്‍ന്ന് വലിയപള്ളിയില്‍ നിന്ന് നഗരംചുറ്റി പ്രദക്ഷിണം പുറപ്പെടും. രാത്രി സമാപനപ്രാര്‍ത്ഥനയ്ക്കു ശേഷമാണ് വെടിക്കെട്ട്. ജനുവരി 20ന് വൈകിട്ട് കൊല്ലം വയലാര്‍ നാടകവേദിയുടെ 'പുര നിറഞ്ഞ പയ്യന്‍സ്' നാടകം, 22ന് വൈകിട്ട് കൊച്ചിന്‍ സോളോയുടെ ഗാനസന്ധ്യ, 23ന് വൈകിട്ട് പത്തനംതിട്ട സാരംഗിന്‍റെ സര്‍ഗ്ഗോത്സവ് മെഗാഷോ എന്നീ കലാപരിപാടികളും നടക്കും.


എട്ടാമിടമായ ഫെബ്രുവരി 1ന്  രാവിലെ സപ്രാ, വി കുര്‍ബാന, ആഘോഷമായ വി കുര്‍ബാന, ആഘോഷമായ സുറിയാനി കുര്‍ബാന, വൈകിട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, വി സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം പുനപ്രതിഷ്ഠിക്കല്‍, സമാപന പ്രാര്‍ത്ഥന, ആശിര്‍വാദം, കൊടിയിറക്കല്‍, കരിമരുന്ന് കലാപ്രകടനം എന്നിവയാണ് പരിപാടികള്‍.



പെരുനാളിന് മുന്നോടിയായി ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം അതിരമ്പുഴയില്‍ നടന്നു. വികാരി ഫാ.സിറിയക് കോട്ടായിലിന്‍റെ അദ്ധ്യക്ഷതയില്‍ ജോസ്കെ മാണി എം.പി., എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍, മുന്‍ എം.എല്‍എ തോമസ് ചാഴികാടന്‍, എഡിഎം അജന്തകുമാരി, ആര്‍ഡിഓ എന്‍.രാമദാസ്, തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐ മാര്‍ട്ടിന്‍ സി ജെ, എസ്ഐ പ്രശാന്ത്കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K