17 November, 2016 06:19:27 PM
ഫാ സി കെ മറ്റം അൻപതാം ചരമവാർഷികം ശനിയാഴ്ച കുര്യനാട്
കുറവിലങ്ങാട്: ഭാഷാ സാഹിത്യ പ്രവർത്തനങ്ങളെയും മതനിയോഗങ്ങളെയും തുല്യ ശോഭയോടെ കൂട്ടിയിണക്കി കേരളത്തിന്റെ സാഹിത്യസാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച സാഹിത്യതിലകൻ ഫാദർ സി കെ മറ്റത്തിന്റെ അൻപതാം ചരമവാർഷികം ശനിയാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ കുര്യനാട് വിവിധ ചടങ്ങുകളോടെ ആചരിക്കും.
കുര്യനാട് സെന്റ് ആൻസ് മൊണാസ്ട്രിയിൽ ദിവ്യബലിക്കുശേഷം 4.30നു മറ്റം ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യും. ഡോ സ്കറിയ സക്കറിയ ഫാ സി കെ മറ്റം അനുസരണ പ്രഭാഷണം നടത്തും. ചടങ്ങിൽ മാത്യു ജേക്കബ് മറ്റം അധ്യക്ഷത വഹിക്കും. ഫാ ജോസഫ് വടക്കൻ, ഫാ ജോബ് വള്ളിപ്പാലം, ജോണി ജോൺ നിധീരി, ജോസഫ് തോമസ് വാഴുനപ്പള്ളി എന്നിവർ സംസാരിക്കും.
1888 ജൂലൈ 16 നു കുറവിലങ്ങാട് മറ്റത്തിൽ കുടുംബത്തിൽ ജനിച്ച ഫാദർ സി കെ മറ്റം, 1908 മുതൽ കാണ്ടിയിലെ പേപ്പൽ സെമിനാരിയിൽ വൈദികപഠനം നടത്തി 1915 ജൂൺ 30 നു പുരോഹിതനായി. ളാലം, മാൻവെട്ടം, മുട്ടാർ പള്ളികളിൽ വികാരി ആയിരുന്നു. തിരുവനന്തപുരം മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും രൂപതയുടെ വികാരി ജനറലും ആയിരുന്നു.
കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് ഹൈസ്‌കൂൾ, മാന്നാനം ഹൈസ്‌കൂൾ,ചങ്ങനാശ്ശേരി എസ് ബി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധാപകനായിരുന്ന അദ്ദേഹം പിന്നീട് എസ് ബി കോളേജിൽ മലയാളം പണ്ഡിറ്റായി. പന്ത്രണ്ടാം വയസ്സിൽ "മഹാപിള്ളമാർ" എന്ന തലക്കെട്ടിൽ നസ്രാണി ദീപികയിൽ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു. മറ്റത്തിൽ കുര്യൻ മാപ്പിള, കുര്യൻ കത്തനാർ എന്നീ പേരുകളിൽ പ്രമുഖ പത്രമാസികകളിൽ സാഹിത്യ ലേഖനങ്ങൾ എഴുതിയ അദ്ദേഹം ഇംഗ്ലീഷും മലയാളവും കൂടാതെ സംസ്കൃതം, ലാറ്റിൻ, സുറിയാനി എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി.
അർണോസ് പാതിരി, ഇരുളും വെളിച്ചവും, ഉപന്യാസ പ്രവേശിക(രണ്ടു ഭാഗം), കരയുന്ന മതിൽ, കാളിദാസ മഹാകവി, ക്രിസ്തു ഭഗവാൻ, ഗുരുഗീത, ചരിത്ര ചർച്ച, ചിത്രവേദി, നസ്രേത്തിലെ യോഗി, നിരൂപണ സാഹിത്യം, പരിത്യാഗ പരമകോഷ്ട, പുതിയ ഉടമ്പടി (ബൈബിൾ പരിഭാഷ), പൂവും കായും, ബാലസാഹിത്യം, ഫ്രെഡറിക് ഒസ്സാനം, മനുഷ്യ ജന്മം, മഹാപിതാ, മാതൃകായുവാവ്, യേശു ക്രിസ്തു, വിമർശനവിഹാരം, സന്മാതൃകാഫലം, സാഹിത്യസുധ, സ്മരണാ കിരണങ്ങൾ തുടങ്ങി നാൽപ്പതോളം ഗ്രന്ഥങ്ങൾ ഫാ മറ്റം രചിച്ചു. ഉള്ളൂർ, വള്ളത്തോൾ, പൂത്തേഴത്തു രാമന്‍ മേനോൻ എന്നിവർ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്കു അവതാരിക എഴുതിയിട്ടുള്ള പ്രമുഖരാണ്.
കർമ്മകുസുമം, മദ്ധ്യസ്ഥൻ, ആത്മപോഷിണി, ഷെവലിയാർ എന്നി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും സാഹിത്യ പരിഷത് ഉപാധ്യക്ഷനായും പ്രവർത്തിച്ചു. തിരുവിതാംകൂർ ടെക്സ്റ്റ് ബുക് കമ്മിറ്റി, സർവ്വകലാശാലാ പരീക്ഷകൻ, കലാമണ്ഡലം ഭരണസമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു. കൊച്ചി മഹാരാജാവ് സാഹിത്യതിലകൻ ബഹുമതിയും മാർപ്പാപ്പ ഷെവലിയർ സ്ഥാനവും നൽകി ആദരിച്ചു. "പാറേമ്മാക്കലച്ചൻ, ചാവറ അച്ചൻ, മാണിത്തനാർ മുതലായവരുടെ പാരമ്പര്യത്തെ കാലാനുരൂപമാവണ്ണം നിലനിർത്തിയ ഒരാളാണ് മറ്റം കത്തനാർ", എന്നാണ് മഹാകവി വള്ളത്തോൾ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.