30 October, 2016 12:01:10 AM
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവം കൊടിയേറി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവം ശനിയാഴ്ച രാവിലെ കൊടിയേറി. ഒമ്പതാം ഉത്സവദിനമായ നവംബര്‍ ആറിന് അല്‍പശി ഉത്സവത്തിന്‍െറ പ്രധാന ചടങ്ങായ പള്ളിവേട്ട ആചാരപ്പെരുമയോടെ നടക്കും. കോട്ടയ്ക്കകം സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ കളത്തിലാകും പള്ളിവേട്ട നടക്കുക. ഏഴിനാണ് ആറാട്ട് ഘോഷയാത്ര. വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തിന്‍െറ പടിഞ്ഞാറേ നടയില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും.
ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ട് കഴിഞ്ഞ് തിരികെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും. ശ്രീപത്മനാഭ സ്വാമിക്കൊപ്പം തിരുവല്ലം പരശുരാമ ക്ഷേത്രം, വടുവത്ത് മഹാവിഷ്ണു ക്ഷേത്രം, കരുമം ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളത്തുകളും അകമ്പടി സേവിക്കും. ഗജവീരന്മാര്‍, അശ്വാരൂഢസേന, വിവിധ വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകും. കൊട്ടാരം രാജസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ചടങ്ങിന് നേതൃത്വം നല്‍കും. ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.