15 October, 2025 01:21:15 PM


ഏറ്റുമാനൂരിലെ സ്വർണ തിടമ്പുകളുടെ അറ്റകുറ്റപണിയും മുരാരി ബാബുവിൻ്റെ നേതൃത്വത്തിൽ: അന്വേഷിക്കണമെന്ന് ആവശ്യം



ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മുരാരി ബാബു ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ഡപ്യൂട്ടി കമ്മീഷണറുമായിരുന്ന കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച്  സമഗ്രമമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. സ്വർണകുടയിലെ ചന്ദ്രക്കല ഉറപ്പിച്ചതിൻ്റെ മറവിൽ സ്വർണ പ്രഭയിലെ ഇളകി പോയ നാഗപത്തികൾ വിളക്കിചേർത്തതുൾപ്പെടെയുള്ള പ്രവൃത്തികൾ ദേവസ്വം ബോർഡിന്റെയോ തന്ത്രിയുടെയോ അനുമതിയില്ലാതെയാണെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു.

ക്ഷേത്രത്തിലെ രണ്ട് സ്വർണ തിടമ്പുകൾ മാളികതാഴെയുള്ള പാത്രപുരയിൽ വെച്ച് ഭക്തജനങ്ങളെ കാണിക്കാതെ രഹസ്യമായി അറ്റകുറ്റപ്പണികൾ നടത്തിയത് ഡപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച മുരാരി ബാബുവിന്റെയും അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസി. കമ്മീഷണർ എന്നിവരുടെയും നേതൃത്വത്തിലാണ്. പണി കഴിഞ്ഞപ്പോൾ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ സ്വർണം കുറവുണ്ടോയെന്നും മാറ്റ് കുറഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മുൻ ഉപദേശക സമിതിയംഗം കൂടിയായ കെ.എസ്. രഘുനാഥൻ നായർ ആവശ്യപ്പെട്ടു. കെ. അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരിക്കെയാണ് ഈ സംഭവം.

ഭഗവാന് ചാർത്തിയ സ്വർണ രുദ്രാക്ഷമാല നഷ്ടപെട്ടതും അഗ്നിബാധയിൽ തകർന്ന സ്വർണപ്രഭയിലെ നാഗപത്തികൾ അനുമതിയില്ലാതെ
വിളക്കിചേർത്തതും നേരത്തെ വിവാദമായിരുന്നു. നാഗപത്തി വിളക്കി ചേർത്തത് തന്റെ സാന്നിധ്യത്തിൽ അല്ലെന്ന് ദേവസ്വം സ്മിത്ത് രാധാകൃഷ്ണൻ വിജിലൻസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

അമൂല്യ സ്വർണശേഖരമുള്ള ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്ട്രോങ്ങ്‌ റൂമുകൾ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തുറന്ന് ദേവസ്വം വിജിലൻസ് എസ് പി തന്നെ പരിശോധിക്കുകയും രജിസ്റ്ററിലുള്ള മുഴുവൻ സ്വർണവും വെള്ളിയും ഉണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നാണ് ആവശ്യ. 2018ലെ  സ്റ്റോക്കിൽ 81 രുദ്രാക്ഷകായിൽ സ്വർണം കെട്ടിയ മാല ഉൾപ്പെട്ടിരിക്കുന്നതായും എന്നാൽ മേൽശാന്തിമാർ ചുമതല കൈമാറിയപ്പോൾ ഈ മാലയും മറ്റ് ആറു ഐറ്റങ്ങളും കാണ്മാനില്ല എന്നും ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021 ജൂലൈ 14-ആം തിയതി വൈക്കം ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി ഔദ്യോഗികപരിശോധന നടത്തിയപ്പോൾ സ്വർണം കെട്ടിയ രുദ്രാക്ഷ മാല ഒഴികെയുള്ളവ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ദേവസ്വം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ സ്ട്രോങ്ങ്‌ റൂമുകൾ തുറന്നു സ്വർണം, വെള്ളി തുടങ്ങിയവ രജിസ്റ്ററുകളുമായി ഒത്തുനോക്കി വ്യക്തത വരുത്തമെന്ന് ഭക്തർ ആവശ്യപ്പെടുന്നു. ഒപ്പം സ്വർണക്കുട, സ്വർണനാഗപത്തി, രണ്ട് സ്വർണ തിടമ്പുകൾ, ഏഴരപ്പൊന്നാനകൾ തുടങ്ങിയ ക്ഷേത്രത്തിലെ അമൂല്യ ശേഖരങ്ങളിൽ നിന്നും സ്വർണവും വെള്ളിയും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന്  രഘുനാഥൻ നായർ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K