14 January, 2026 10:32:38 AM


അതിരമ്പുഴ തിരുനാൾ: അവലോകന യോഗം ചേർന്നു



അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ 19 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിൻ്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

തിരുനാൾ ദിവസങ്ങളിൽ പള്ളിക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രധാന തിരുനാൾ ദിനങ്ങളിലും ദേശക്കഴുന്നും കലാപരിപാടികളും നടക്കുന്ന ദിവസളിലും ക്രമസമാധാന പാലനത്തിന് കൂടുതൽ പോലീസിനെ നിയോഗിക്കും.

എക്സൈസിൻ്റെ മൂന്നു ടീമുകൾ മുൻകൂട്ടി പട്രോളിംഗ് നടത്തും. മദ്യ - മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കും. പള്ളി പരിസരത്ത് ലഹരി പദാർഥങ്ങളുടെ വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കും. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പാതയോരങ്ങൾ വൃത്തിയാക്കി കഴിഞ്ഞതായി അറിയിച്ചു. അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തും. ഹരിതചട്ടം പാലിക്കാൻ ശുചിത്വമിഷൻ പള്ളി അധികൃതരുമായി കൂടിയാലോചിച്ച് ക്രമീകരണം ചെയ്യും.

ആരോഗ്യവകുപ്പ് സാനിട്ടേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചു. പള്ളിക്ക് ചുറ്റുപാടുമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും 138 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. 24, 25 ദിവസങ്ങളിൽ 24 മണിക്കൂറും ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീമിൻ്റെ സേവനം പള്ളി പരിസരത്ത് ലഭ്യമാക്കും.

തിരുനാളിനോടനുബന്ധിച്ചു തുറക്കുന്ന താൽക്കാലിക ഭക്ഷണ സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തും. പരിശോധനക്കായി മൊബൈൽ പരിശോധനാ സംവിധാനം പള്ളി പരിസരത്ത് ക്രീകരിക്കും. തടസമില്ലാത്ത ജലലഭ്യതയും ജലത്തിൻ്റെ ഗുണനിലവാരവും വാട്ടർ അതോറിറ്റി ഉറപ്പാക്കും. തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണം കെഎസ്ഇബി ഏർപ്പെടുത്തും.

പ്രധാന തിരുനാൾ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾക്ക് സ്പെഷൽ പെർമിറ്റ് നൽകും. 24, 25 ദിവസങ്ങളിൽ ഫയർ ആൻഡ് റസ്ക്യു സർവീസിൻ്റെ സ്റ്റാൻഡ്ബൈ യൂണിറ്റ് പള്ളി പരിസരത്ത് ഉറപ്പാക്കും.

എൽഎസ്ജിഡിയും ശുചിത്വമിഷനും സംയുക്തമായി ജൈവ - അജൈവ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധനകൾ നടത്തണം.

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വൻതോതിൽ തിരുനാൾ സ്ഥലത്ത് വില്പന നടത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. മദ്യ - മയക്കുമരുന്ന് സംഘങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ശ്രദ്ധിക്കണമെന്ന് മന്ത്രി പോലീസിന് നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ, എഡിഎം ശ്രീജിത്ത് എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൻ കരീമഠം, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എ. സജി കോട്ടയരികിൽ  , ജില്ലാപഞ്ചായത്തംഗം ജിം അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ സോണി,സെൻ്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. അനീഷ് കാമിച്ചേരി തുടങ്ങിയവർ പങ്കെടുത്തു. 

അസിസ്റ്റൻ്റ് വികാരി ഫാ. ടോണി മണക്കുന്നേൽ, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, ബെന്നി മൂഴിയാങ്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് എന്നിവർ നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K