02 February, 2026 10:54:56 PM
'ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിവാദങ്ങൾക്ക് പിന്നിൽ തട്ടിപ്പ് സംഘം': നോട്ടീസിറക്കി ഉപദേശകസമിതി

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം ഉപദേശകസമിതി. വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധധര്‍ണ നടത്താനുള്ള നീക്കത്തിനെതിരെ, ക്ഷേത്രത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഉപദേശകസമിതി മന്ത്രി, ജില്ലാ കളക്ടര്‍, പോലീസ് മേധാവി, ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. ഒപ്പം സമരക്കാരുടെ ഉദ്ദേശം എന്തെന്ന് വെളിവാക്കുന്ന നോട്ടീസ് ഉപദേശകസമിതി അച്ചടിച്ച് ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.
ഏറ്റുമാനൂർ ക്ഷേത്രത്തെ സംബന്ധിച്ച് കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഹിന്ദുസംഘടനകളുടെ പേരില്‍ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ഇതുവരെ ക്ഷേത്രാരാധനയുടെ മറവില്‍ വന്‍തട്ടിപ്പുകള്‍ നടത്തിയിരുന്ന വ്യക്തികളാണെന്ന് ഉപദേശകസമിതി ഇറക്കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ക്ഷേത്ര മൈതാനിയിൽ നൂറ്റാണ്ടുകളായി മണ്ഡലമകര വിളക്ക് സമയങ്ങളിൽ താൽക്കാലിക ചിറപ്പ്മണ്ഡപവും അയ്യപ്പൻമാർക്കുള്ള വിശ്രമസങ്കേതവും നിർമിച്ചുവന്നിരുന്നതാണ്. ദേവസ്വം ബോർഡിന് കാലങ്ങളായി ഈ വകയിൽ വലിയ സാമ്പത്തിക ബാധ്യത ആണ് വന്നുകൊണ്ടിരുന്നത്. ഇതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയിലാണ് ഉപദേശക സമിതിയുടെ അപേക്ഷ പ്രകാരം ഒരു പില്‍ഗ്രിം ഷെല്‍ട്ടര്‍ ഇതേ സ്ഥലത്ത് സ്ഥിരമായി നിർമിക്കാൻ തീരുമാനിച്ചത്.
ഈ നിർമാണസ്ഥലത്തിന് സമീപം 2015 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഫെൻസിംഗ് ഇട്ടുവേർതിരിച്ചിരുന്നു. ഫെൻസിംഗിനുള്ളിൽ ഉത്സവസമയങ്ങളിൽ കടകൾ ലേലം ചെയ്‌തു നൽകാൻ പാടില്ല എന്നാണ് ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കെയാണ് വിശ്വഹിന്ദുപരിഷത്ത് ഇതേ സ്ഥലത്ത് ദാഹജലവിതരണത്തിനായി താൽക്കാലിക സ്റ്റാൾ ഇട്ടിരുന്നത്. ഇതിന്‍റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ഭക്തജനങ്ങൾ പരാതി ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 2 വർഷം മുമ്പ് ഈ സ്റ്റാളിന് അനുമതി നിക്ഷേധിച്ചിരുന്നു. ഉത്സവസമയങ്ങളിൽ ആനകൾക്കും ഭക്തര്‍ക്കും നിൽക്കാൻ സ്ഥലപരിമിതി ഉണ്ടെന്നു പറയുന്നവർ തന്നെയാണ് രണ്ടു വർഷം മുന്നേവരെ ഇതേ സ്ഥലത്ത് തത്‌കാലികഷെഡ് കെട്ടി ദാഹജലവിതരണത്തിന്‍റെ പേരിൽ പണപ്പിരിവ് നടത്തിക്കൊണ്ടിരുന്നത് എന്ന് ഉപദേശകസമിതി ഇറക്കിയ നോട്ടീസില്‍ പറയുന്നു.
2002 ലെ ദേവപ്രശ്‌നത്തിൽ ക്ഷേത്രമതിലിന് വെളിയിൽ നിർമാണങ്ങൾ പാടില്ല എന്നു പറഞ്ഞിട്ടില്ല. ഈ ദേവപ്രശ്‌നത്തിന് മുൻപും അതിനുശേഷം നാളിതുവരെയും അയ്യപ്പമണ്ഡപം നിർമിച്ച് ചിറപ്പ് നടത്തിയിരുന്നതാണ്. ഒരു ദേവപ്രശ്‌നത്തിന്‍റെ കാലാവധി ഒരു വ്യാഴവട്ടം അതായത് 12 വര്‍ഷം മാത്രമാണെന്നിരികെകെ 2002ലെ ദേവപ്രശ്നത്തിന്‍റെ മറവിൽ വ്യാജആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നില്‍ ഒരുകൂട്ടം ധനമോഹികളാണെന്നും ഈ വിഷയത്തിൽ ആചാരലംഘനം നടന്നിട്ടുണ്ടോ ഇല്ലയോ എന്നു പറയേണ്ട ക്ഷേത്രം തന്ത്രി അങ്ങിനെയൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടീസില്‍ വെളിപ്പെടുത്തുന്നു.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആചാരലംഘനത്തെപ്പറ്റിയും നിർമാണത്തെപ്പറ്റിയും പറഞ്ഞ വിഷയങ്ങൾ കോടതി പാടെ തള്ളിക്കളഞ്ഞിരുന്നു. മുൻ ഉപദേശക സമിതി അംഗമായ സിവിൽ കോൺട്രാക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുവന്ന സമാന്തര കമ്മിറ്റിയുടെ പ്രവർത്തനം പാടില്ല എന്നും കോടതി വിധിച്ചിരുന്നു. ദേവസ്വം വടക്കേനടഗോപുരനിര്‍മാണത്തില്‍ ബോർഡിന്‍റെ അനുമതിയില്ലാതെ ഈ കോണ്‍ട്രാക്ടര്‍ ഇടപെട്ട് പണപിരിവ് നടത്തിയത് അന്വേഷിക്കണമെന്ന് നിലവിലെ ഉപദേശക സമിതി ആവശ്യപ്പെട്ടിരുന്നു. കിഴക്കേനട അലങ്കാരഗോപുരനിർമാണത്തിനും അയ്യപ്പമണ്ഡപ നിർമാണത്തിനും ഉപകരാറിനായി ഇയാള്‍ ദേവസ്വം കോൺട്രാക്ടറെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെ പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മാണം മുടക്കുന്നതിനായി ഇയാള്‍കൂടി നെതൃത്വം നല്‍കി കൊടികുത്തി പ്രതിക്ഷേധിക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ വെളിപ്പെടുത്തുന്നു.
വിശ്വഹിന്ദുപരിഷത്തിന്‍റെ ദാഹജലവിതരണത്തിന്‍റെ പേരിൽ വന്‍പണപിരിവ് നടത്തി ആരോപണവിധേയനായ മുൻ ചുമതലക്കാരൻ ഉണ്ണികൃഷ്‌ണനാണ് ഹിന്ദുസംഘടനകളെക്കൂട്ടി സമരവും നവമാധ്യമങ്ങൾ വഴി വ്യാജപ്രചരണവും നടത്തുന്നതെന്നും നോട്ടീസില്‍ പറയുന്നു. ഏറ്റുമാനൂരിലെ ഭക്തജനങ്ങളിൽ നിന്നും പിരിവ് എടുത്ത് 'സംസ്‌കൃതി' എന്ന സംഘടനയുടെ പേരിൽ ആംബുലൻസ് തട്ടിപ്പ് നടത്തിയ ഇയാളുടെ നടപടികള്‍ അന്വേഷണവിധേയമാക്കണമെന്നുകൂടി ആവശ്യപ്പെട്ടാണ് ഉപദേശകസമിതി ഇന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി വിധിയെപോലും കാറ്റില്‍ പറത്തി ഏറ്റുമാനൂർ മഹാദേവസന്നിധിയെ ഒരു കലാപഭൂമിയാക്കി മാറ്റുന്നതിലൂടെ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്ന് ഉപദേശകസമിതി ആരോപിക്കുന്നു. ഹൈന്ദവ സംരക്ഷകർ എന്ന വ്യാജേന ഏറ്റുമാനൂരപ്പന്‍റെ പേരിൽ ഹിന്ദുത്വം വിറ്റ് കാശാക്കുന്ന ഇക്കൂട്ടരുടെ നീക്കം ഭക്തിയോ വിഭക്തിയോ എന്നു യഥാർത്ഥ ഭക്തർ വിലയിരുത്തണമെന്നും ഉപദേശകസമിതി നിര്‍ദേശിക്കുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ മാത്രം നടത്തുന്ന ഈ കപടനാടകം തിരിച്ചറിഞ്ഞ് ക്ഷേത്രത്തിൻ്റെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് ഭക്തർ തയ്യാറാകണമെന്ന് ഉപദേശകസമിതി പ്രസിഡന്‍റ് പി.കെ.രാജന്‍, സെക്രട്ടറി മഹേഷ് രാഘവന്‍, വൈസ് പ്രസിഡൻ്റ് വി.പി. ഭൂവനേന്ദ്രൻ, അംഗങ്ങളായ സി.കെ. ഗോപകുമാർ, വിജയകുമാർ, ഗുണശേഖരൻ എന്നിവർ അറിയിച്ചു.







