10 December, 2025 04:08:08 PM
ഏറ്റുമാനൂരിൽ പതിനൊന്ന് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 11 വിദ്യാർഥികൾക്കും അധ്യാപികയ്ക്കുമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ട വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിലിരുന്ന വിദ്യാർഥികൾക്കും അധ്യാപികയ്ക്കുമാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. എന്നാൽ കാരണം വ്യക്തമല്ല. ക്ലാസ് മുറിയിൽ കയറിയ മറ്റ് അധ്യാപകർക്കും ബുദ്ധിമുട്ടുകളുണ്ടായതായി റിപ്പോർട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.





