03 February, 2026 04:51:44 PM
ഏറ്റുമാനൂരിൽ അഗ്നിബാധ: തീ പടർന്നത് ഫയർ സ്റ്റേഷന് കണ്ടെത്തിയ സ്ഥലത്തിന് സമീപം

ഏറ്റുമാനൂർ: ഏറ്റുമാനൂർ കെ എസ് ഈ ബി ഓഫീസിനു സമീപം അഗ്നിബാധ. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോട് കൂടിയാണ്
കെ എസ് ഈ ബിയുടെ ഉപയോഗശൂന്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ കത്തുന്നത് കണ്ടത്. വളരെ പെട്ടെന്ന് തീ ആളിപ്പടർന്നു. നിറയെ കരിയില നിറഞ്ഞു കിടന്ന സ്ഥലത്തെ തേക്കിൻ്റെ പോസ്റ്റുകൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചു.
കെ എസ് ഈ ബിയുടെ സർവ്വീസ് ലൈനുകളിൽ ചിലത് കത്തി നശിച്ചു. തൊട്ടടുത്താണ് കോട്ടയം ജില്ലാ കുടുംബ കോടതി ഉൾപ്പെടുന്ന ഏറ്റുമാനൂരിലെ കോടതി സമുച്ചയം, ജൂഡീഷ്യൽ ഓഫീസർമാരുടെ വസതി, ഗവ. മോഡൽ സ്കൂൾ, കെ എസ് ഈ ബി ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവ. ഇതിനോട് ചേർന്ന് ധാരാളം അഭിഭാഷക ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്.
കോട്ടയത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗത തടസം ഒന്നും ഉണ്ടാകാതിരുന്നതിനാൽ അരമണിക്കൂർ സമയം കൊണ്ട് ഫയർ ഫോഴ്സ് യൂണിറ്റിന് സ്ഥലത്ത് എത്താനായി.
ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, യൂണിവേഴ്സിറ്റി, റെയിൽവേ സ്റ്റേഷൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് , മെഡിക്കൽ കോളജ്, കോടതി സമുച്ചയം തുടങ്ങി പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
അതിനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും തുടർ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി. നേരത്തെ ഫയർ സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തിന് സമീപത്താണ് ഇന്ന് തീപിടുത്തം ഉണ്ടായത്.





