03 January, 2026 07:47:21 PM


ഏറ്റുമാനൂർ നഗരത്തിൽ വൻ ഗതാഗതകുരുക്ക്; വാഹനങ്ങൾ കുടുങ്ങി കിടന്നത് മണിക്കൂറുകളോളം



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ വൻ ഗതാഗതകുരുക്ക്. ഇന്ന് വൈകിട്ട് നാല് മണി മുതൽ ഏറ്റുമാനൂർ നഗരം ഗതാഗത കുരുക്കിൽ സ്തംഭിച്ചു. പ്രധാന റോഡുകളായ എം സി റോഡ്, മണർകാട് ബൈപാസ് റോഡ്, പാലാ റോഡ്, പേരൂർ റോഡ്, അതിരമ്പുഴ റോഡ് തുടങ്ങിയ പ്രധാന നിരത്തുകളും ഇടവഴികളും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ഒരു പോയിന്റ് കടന്ന് കിട്ടാൻ മണിക്കൂറുകളോളം കാത്തു കിടക്കേണ്ട അവസ്ഥയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ അകപ്പെട്ടു. എം സി റോഡിലെ കുരുക്ക് ഒഴിവാക്കാൻ വഴി മാറി സഞ്ചരിച്ചവരെല്ലാം എത്തിപെട്ടത് ഇതിലും വലിയ കുരുക്കിൽ. മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിലും എം.സി റോഡിലും മറ്റ് ഇടവഴികളിലും എല്ലാം വാഹനങ്ങൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. വലിയ ടോറസ് പോലുള്ള വാഹനങ്ങൾ കൂടി ഇതിനിടെ കുത്തികയറ്റി വന്നതോടെ ഗതാഗതകുരുക്ക് കൂടുതൽ രൂക്ഷമായി.

ഏറ്റുമാനൂരിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തതും സിഗ്നൽ കൃത്യമായി പ്രവർത്തിക്കാത്തതുമാണ് ഗതാഗതകുരുക്ക് കൂട്ടാൻ കാരണമായത്. ടൗണിൽ ജനങ്ങൾ വീർപ്പുമുട്ടുന്ന അവസ്ഥ സംജാതമായിട്ടും അങ്ങോട്ട് തിരിഞ്ഞുനോക്കാൻ തയ്യാറാകാതെ പോലീസ് വാഹന പരിശോധന നടത്തുന്നതും ഇതിനിടെ കൗതുകമുണർത്തി. ഒടുവിൽ സഹികെട്ട നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും തിരക്ക് നിയന്ത്രിക്കാൻ തെരുവിലിറങ്ങി. പാലാ റോഡിൽ പാറകണ്ടം സിഗ്നൽ ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലെല്ലാം ഇവർ രംഗത്തിറങ്ങിയതോടെയാണ് വാഹനങ്ങൾ ചെറിയ രീതിയിൽ നീങ്ങി തുടങ്ങിയത്. 


ബസ് യാത്രികരാണ് ഏറ്റവും കൂടുതൽ വലഞ്ഞത്. മണിക്കൂറുകൾ എടുത്താണ് ബസുകൾ ലക്ഷ്യസ്ഥാനത്തെത്തിയത്. പല ബസുകളും പാതിവഴിയിൽ വെച്ച് സർവീസ് നിർത്തുകയും റൂട്ട് മാറി ഓടുകയും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുകയും ചെയ്തു. ഓട്ടോറിക്ഷ പോലും ലഭിക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർ ഇരുട്ടിലും കാൽനടയായി വീടുകളിലേക്ക് പോകുന്നതും കാണാമായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K