17 January, 2026 07:05:04 PM
വയലാർ ഗാനങ്ങളും കവിതകളും ആലപിച്ചു സദസിനെ വിസ്മയിപ്പിച്ച് മന്ത്രി വി.എൻ. വാസവൻ

ഏറ്റുമാനൂർ: വയലാർ ഗാനങ്ങളുടെ പൊരുൾ ആഴത്തിൽ തിരിച്ചറിഞ്ഞ കവിയാണ് ഹരിയേറ്റുമാനൂരെന്ന് മന്ത്രി വി.എൻ. വാസവൻ. പാട്ടെഴുത്തിൻ്റെ 50 ആണ്ടു പിന്നിട്ട ഹരിയേറ്റുമാനൂരിനെ ജനകീയ വികസന സമിതിക്കു വേണ്ടി ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വാസവൻ. ഒപ്പം വയലാറിൻ്റെ ഗാനങ്ങളും കവിതകളും മന്ത്രി ആലപിച്ചത് സദസിനെ വിസ്മയിപ്പിച്ചു.
ജനകീയ വികസന സമിതി പ്രസിഡൻ്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യമുന വയലാർ വിശിഷ്ടാതിഥിയായി. കവിയും ഗാനരചയിതാവുമായ വിനു ശ്രീലകം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര പിന്നണി ഗായകൻ ഗണേഷ് സുന്ദരം, സാഹിത്യകാരൻ വിനു ഏബ്രഹാം, നഗരസഭാ കൗൺസിലർ രശ്മി ശ്യാം, ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ് എൻ.അരവിന്ദാക്ഷൻ നായർ, റയ്സ ബീഗം, വി.എം. തോമസ് വേമ്പേനി എന്നിവർ പ്രസംഗിച്ചു.





