05 January, 2026 01:30:00 PM
സമൂഹത്തെ പരിഹസിച്ചു പവിത്രീകരിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ - ഹരിലാല്‍

ഏറ്റുമാനൂര്‍: തന്‍റെ രചനകളിലൂടെ സമൂഹത്തെ പരിഹസിച്ചു പവിത്രീകരിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് നാടക ചലച്ചിത്ര നടൻ ഹരിലാൽ. കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരികവേദിയും ജനകീയ വികസന സമിതിയും സംയുക്തമായി നടത്തിയ ശ്രീനിവാസൻ - ബി. സരസ്വതി അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ഹരിലാൽ. യോഗത്തിൽ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ് അധ്യക്ഷനായിരുന്നു.
കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരികവേദി പ്രസിഡന്‍റ് ഹരിയേറ്റുമാനൂര് ആമുഖഭാഷണം നടത്തി. എഴുത്തുകാരി വി.ഗീത, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, കെ.ഒ.ഷംസുദ്ദീൻ, വി.എം. തോമസ് വേമ്പേനി തുടങ്ങിയവർ ശ്രീനിവാസനെയും ബി.സരസ്വതിയെയും അനുസ്മരിച്ച് സംസാരിച്ചു. കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ കൂടിയായിരുന്ന പ്രസന്നൻ ആനിക്കാട് കാരിക്കേച്ചർ സ്വഭാവമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയ്ക്കു സംഭാവന ചെയ്ത നടൻ ശ്രീനിവാസന്‍റെ കാരിക്കേച്ചർ നിമിഷനേരംകൊണ്ടു വരച്ചു.





