17 December, 2025 01:31:30 PM


ഏറ്റുമാനൂര്‍ നഗരവികസന സെമിനാറും ജനപ്രതിനിധികൾക്ക് സ്വീകരണവും 27ന്



ഏറ്റുമാനൂർ: നഗരസഭയിലേക്ക് പുതിയതായി  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പൗരസ്വീകരണം ഒരുക്കുമെന്ന് ഏറ്റുമാനൂർ സേവാസമിതി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 27 ശനിയാഴ്ച രാവിലെ 10 ന് ഏറ്റുമാനൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടത്തുന്ന വികസന സെമിനാറിലാണ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നത്. ഏറ്റുമാനൂരിന്‍റെ വികസന സ്വപ്നങ്ങൾ പങ്കുവെച്ചു കൊണ്ട് നഗര വികസനത്തിന് ഉചിതമായ രൂപരേഖ തയ്യാറാക്കത്തക്കവിധത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സേവാ സമിതി ഭാരവാഹികൾ പറഞ്ഞു.


മാലിന്യ സംസ്കരണം, ഗ്രാമീണ പാതകളുടെ നവീകരണം, പുതിയ പാതകൾ, കുടിവെള്ള പദ്ധതികൾ, ഗതാഗത കുരുക്ക്, പൊതുശുചിമുറികൾ, ബാലകമിത്ര-വയോമിത്ര പാർക്കുകൾ, കളിസ്ഥലങ്ങൾ, ഓപ്പൺ ജിംനേഷ്യങ്ങൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ, ഓപ്പൺ സ്‌റ്റേഡിയങ്ങൾ, ആറ്റുതീരപാർക്കുകൾ, താെഴിലവസരങ്ങളുടെ വർധനവ്, തെരുവുനായ ഉന്മൂലനം, രാസലഹരി വിമുക്തി തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിൽ അധിഷ്ടിതമായ മാർഗനിര്‍ദേശങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.


വ്യക്തികൾക്കും  സംഘടനകൾക്കും വികസന മാർഗരേഖകൾ അവതരിപ്പിക്കുവാനുള്ള അവസരവും സെമിനാറിൽ ഉണ്ടായിരിക്കും. മാർഗരേഖകൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് 6282241929 എന്ന നമ്പരിൽ ബന്ധപ്പെടാം. ഏറ്റുമാനൂർ സേവാ സമിതി ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ, ജി ജഗദീശ് സ്വാമിയാശാൻ, സിറിൾ ജി നരിക്കുഴി എന്നിവർ പരിപാടികള്‍ വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953