18 January, 2026 01:06:08 PM


കലാപ്രവർത്തനങ്ങൾ കുട്ടികളുടെ ബൗദ്ധിക വളർച്ചയ്ക്ക് അനിവാര്യം - മന്ത്രി വി.എൻ വാസവൻ



ഏറ്റുമാനൂർ: കലയും സാഹിത്യവും കുട്ടികളിൽ കേവലം വിനോദോപാധികൾ മാത്രമല്ലെന്നും, അവ വ്യക്തിത്വ വികാസത്തിനും ബൗദ്ധികമായ ഔന്നത്യത്തിനും അടിത്തറ പാകുന്നവയാണെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ബാലകലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ലോകത്തെയും ജീവിതത്തെയും തിരിച്ചറിയാനുള്ള വിവേകവും വിജ്ഞാനവും കലാപ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ആർജ്ജിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർഗ്ഗാത്മകമായ ഇത്തരം വേദികൾ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

22 സ്കൂളുകളിൽ നിന്നായി മുന്നൂറിലേറെ വിദ്യാർത്ഥികളാണ് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടന്ന പന്ത്രണ്ട് ഇനം മത്സരങ്ങളിൽ മാറ്റുരച്ചത്. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരിൽ, ലൈബ്രറി വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആർ. പണിക്കർ, മുൻ പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, ഷെമി മുഹമ്മദ്, കൺവീനർ ഡോ. രാകേഷ് പി. മൂസ്സത് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്  എൻഡോവ്‌മെന്റ് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും  പുസ്തകങ്ങളുമാണ് സമ്മാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941