11 October, 2025 03:16:08 PM


ഏറ്റുമാനൂരിൽ സിപിഎം -ബിജെപി സംഘർഷം; 5 പേർക്ക് പരിക്ക്



ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗര മധ്യത്തിൽ സിപിഎം - ബിജെപി സംഘർഷം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നീണ്ടൂർ റോഡിലുള്ള ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ സി പി എം നടത്തിയ പ്രകടനത്തിനിടയിലാണ് സംഘർഷമുണ്ടായത്.

രാവിലെ ബി ജെ പി പ്രവർത്തകരുടെ പ്രകടനം നീണ്ടൂർ റോഡിൽ ആശുപത്രി പരിസരത്തു വെച്ച് ബാരിക്കേഡ്, ജലപീരങ്കി തുടങ്ങിയ സംവിധാനങ്ങളുമായി പോലീസ് തടഞ്ഞു. തുടർന്ന് അനിൽ ആന്റണി,  കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണക്കുശേഷം പ്രവർത്തകർ പിരിഞ്ഞു പോയി. 

അതേസമയം, മന്ത്രിയുടെ ഓഫീസിന് സമീപത്തുള്ള പാർട്ടി ഓഫീസിൽ നിന്ന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ടൗണിലേക്ക് പ്രകടനം ആരംഭിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന് എതിരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്‌. പ്രകടനം നീണ്ടൂർ റോഡ് വഴി സെൻട്രൽ ജംഗ്ഷൻ എത്തിയപ്പോൾ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചു വിട്ടെങ്കിലും തങ്ങളുടെ ആളുകളെ മർദിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ വീണ്ടും രംഗത്തെത്തി. നടപടിയുണ്ടാകുമെന്ന പോലീസിൻ്റെ ഉറപ്പിന്മേലാണ് ഇവർ പിരിഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K