04 October, 2025 07:20:13 PM


ലൈഫ് പദ്ധതിയിൽ അഞ്ചേകാൽ ലക്ഷം വീടുകൾ പൂർത്തീകരിക്കും - മന്ത്രി എം.ബി. രാജേഷ്



കോട്ടയം:  ലൈഫ് പദ്ധതിയിൽ  അഞ്ചേകാൽലക്ഷം വീടുകൾ  പൂർത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തി അറുപത്തിയേഴായിരം വീടുകൾ ഇതിനോടകം പൂർത്തിയാക്കി. 18885.58 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ
17000 കോടിയും കേരളം സ്വന്തമായി കണ്ടെത്തിയതാണ്. ഇന്ത്യയിൽ മറ്റേത് സംസ്ഥാനമാണ് ഇത്രയും തുക വീടുവെച്ചു കൊടുക്കാൻ ചെലവഴിച്ചിട്ടുള്ളതെന്നും മന്ത്രി ചോദിച്ചു.

ചേരിയിൽ കഴിഞ്ഞിരുന്ന 394 കുടുംബങ്ങളെയാണ്  ഫോർട്ട് കൊച്ചിയിൽ പണിത 13 നില ഫ്ലാറ്റിൽ പുനരധിവസിപ്പിച്ചത്. 
മറ്റിടങ്ങളിൽ ചേരിയിൽ കഴിയുന്നവരെ കാണാതിരിക്കാൻ കെട്ടി മറയ്ക്കുമ്പോൾ  ചേരിയിൽ കഴിയുന്നവർക്കുവേണ്ടി കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന സമീപനമാണ് ഇവിടെ. വീട് അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല.  സമൂഹത്തിന്
ഹരിതകർമ സേനയോടുള്ള മനോഭാവത്തിൽ വലിയ മാറ്റമുണ്ടായത്. സർക്കാർ  കൂടെ നിന്നത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. 13 വാർഡുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ പ്രതിനിധികളായ 13 പേർക്ക് മന്ത്രി താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ  നടന്ന ചടങ്ങിൽ   സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി തോട്ടുങ്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി,   ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. ശശികുമാർ, മിനി ജോസ്, ജോയി കോട്ടയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീല ബേബി,  രമേശ് കാവിമറ്റം, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയി കല്പകശ്ശേരി, മിനി അഗസ്റ്റിൻ, ഉഷ രെജിമോൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ, വി.ഇ.ഒ. ജോമോൻ തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ നിഷ ദിലീപ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951