06 August, 2025 05:34:17 PM


തിരക്ക് നിയന്ത്രിക്കാൻ എന്ന വ്യാജേന ഭക്തരെ പീഡിപ്പിക്കുന്നുവെന്ന് പരാതി: സംഭവം ഏറ്റുമാനൂർ ക്ഷേത്രത്തിൽ



ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിൽ ദേവസ്വം ജീവനക്കാരോ അധികൃതരോ അല്ലാതെ പുറത്തുനിന്നുള്ള ചിലർ സോപാനത്തിനരികെ നിന്ന് ഭക്തരെ പീഡിപ്പിക്കുന്നതായി ആരോപണം. തിരക്ക് നിയന്ത്രിക്കാൻ എന്ന വ്യാജേന ശ്രീകോവിലിനു മുന്നിലും മറ്റും നിൽക്കുന്ന ഇവർ സ്ത്രീകളോടും അപമാര്യാദയായി പെരുമാറുന്നുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഇന്ന് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഒരു ഭക്ത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു.

ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നത്. ഇതിൽ ഒരാൾ ഇന്ന് ക്ഷേത്രത്തിലെത്തിയ യുവതിയെ ഉൾപ്പെടെ മർദ്ദിച്ചുവത്രെ. ദേവസ്വം ജീവനക്കാരനല്ലാത്ത ഇയാൾക്ക് ആരാണ് ഈ അധികാരം നൽകിയതെന്നും യുവതി ചോദിക്കുന്നു. അധികൃതർ മൗനം പാലിക്കുന്നത് ഇവർക്ക് കൂടുതൽ പ്രചോദനമാകുന്നു. നടയിൽ സെ സെക്യൂരിറ്റി ജീവനക്കാരെ ഉൾപ്പെടെ ചുമതലപ്പെടുത്തി ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ ആവശ്യപ്പെട്ടു.

കാവ്യ മധു എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചുവടെ.

പ്രദോഷദിവസമായ ഇന്ന് ഏറ്റുമാനൂരമ്പലത്തിൽ പോയപ്പോൾ ഉണ്ടായ മോശം അനുഭവം. അകത്ത് സോപാനത്ത് ആളുകളെ നിയന്ത്രിക്കാൻ നിൽക്കുന്ന ഒരുത്തൻ വളരെ മോശമായിട്ടാണ് ഭക്തരോട്  പെരുമാറുന്നത്. സാമ്പ്രാണി തിരിയുടെ കവർവച്ച് മിക്കവരുടേയും തലയിലും പുറത്തും അടിച്ച് തൊഴുതത് മതി മാറ് മാറ് എന്ന് പറഞ്ഞ് ഒച്ചവെക്കുകയാണ് അയാൾ. എനിക്കും കിട്ടി ഒരു അടി. ഒരു ഭക്തനോട് ഏറ്റുമാനൂരപ്പനെ തൊഴുതത് മതി എന്ന് പറയാൻ ഇയാൾക്ക് എന്ത് അധികാരം?പ്രദോഷമായിട്ടും വലിയ തിരക്ക് അമ്പലത്തിൽ ഇല്ല. സോപാനത്ത് നാലോ അഞ്ചോ ആളുകൾ നിൽക്കുമ്പോൾ പോലും അയാൾ ഒച്ചയെടുക്കുന്നു. ഏറ്റുമാനൂരമ്പലത്തിൽ നിന്ന് ഇങ്ങനെയൊരു അനുഭവം ആദ്യമായാണ്. കറുത്ത ഒരു മനുഷ്യനാണ് അയാൾ. അങ്ങനെ പറഞ്ഞത് അയാളെ എല്ലാവർക്കും മനസിലാകാൻ വേണ്ടിയാണ് കേട്ടോ. വേറൊന്നും വിചാരിക്കരുതേ. അയാൾ ദേവസ്വം സ്റ്റാഫ് അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരുപാട് കാലമായി ഏറ്റുമാനൂരിൽ വരുന്നു. ഈ പുതിയ അവതാരം ഇപ്പോൾ എവിടെ നിന്നാണ് പൊട്ടിമുളച്ച് വന്നത്? ദേവസ്വം സ്റ്റാഫ് അല്ലാത്ത ഇയാൾക്ക് സോപാനത്ത് നിന്ന് ആളുകളെ നിയന്ത്രിക്കാനുള്ള അനുവാദം എങ്ങനെ കിട്ടി? ആളുകളെ നിയന്ത്രിക്കാൻ ഡ്യൂട്ടിയുള്ള ദേവസ്വം സ്റ്റാഫ് എവിടെ ? ഉച്ച നിവേദ്യം കഴിഞ്ഞ് പൂജതുടങ്ങുന്നതിനുമുന്നെ തുറന്നിരിക്കുന്ന നടയുടെ നേരെ മുന്നിൽകയറി ഇയാൾ പുറം തിരിഞ്ഞ് നിൽക്കുന്നത് കണ്ടു. ആരും ചെയ്യാത്ത ഈ കാര്യത്തിന് ഇയാൾക്ക് ആര് അനുവാദം നൽകി? ഇയാൾ ഉപദേശക സമിതിക്കാരൻ ആണോ? ആണെങ്കിൽ ഭക്തരോട് മോശമായി പെരുമാറാനാണോ ക്ഷേത്ര ഉപദേശകസമിതി പ്രവർത്തിക്കുന്നത്?ഇത്തരത്തിലുള്ള പുഴുക്കുത്തുക്കളെ ഏറ്റുമാനൂരമ്പലത്തിൽ നിന്ന് പഠിയടച്ച് പുറത്താക്കാനുള്ള ആർജ്ജവം ദേവസ്വം കാണിക്കണം. മഹാദേവന്റെ പേരിന് കളങ്കം ഉണ്ടാവരുത്. വരൂ വരൂ എന്ന് പറഞ്ഞ് വളരെ മാന്യമായ രീതിയിൽ ആളുകളെ നിയന്ത്രിക്കുന്ന ഒരു നല്ല മനുഷ്യനെയും അവിടെ കണ്ടിട്ടുണ്ട്. അതും കൂടി ഇവിടെ പറയുന്നു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K