02 March, 2025 04:58:24 PM
ഏറ്റുമാനൂരിലെ നഗരമാലിന്യം ചെറുവാണ്ടൂർ ചാലിൽ തള്ളരുത് - സിപിഐ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയെ മാലിന്യമുക്തമാക്കേണ്ടത് നഗരമാലിന്യം ചെറുവാണ്ടൂർ ചാലിൽ തള്ളിയാകരുതെന്ന് സിപിഐ മാടപ്പാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭയുടെ എട്ടിലധികം വാർഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ജലാശയമാണ് ചെറുവാണ്ടൂർ ചാൽ. ഏറ്റുമാനൂർ കോണിക്കൽ ഭാഗത്ത് നിന്ന് ആരംഭിച്ച് മീനച്ചിലാറിൻ്റെ പള്ളിക്കുന്നേൽ ഭാഗത്താണ് ചാല് ചെന്ന് ചേരുന്നത്. ഇരുപത് മീറ്റർ മുതൽ നൂറ് മീറ്റർ വരെ വീതിയുണ്ടായിരുന്ന ചാലിൻ്റെ നല്ലൊരു ശതമാനവും കയ്യേറ്റങ്ങൾ കൊണ്ട് നികത്തപ്പെട്ടിരുന്നു. തത്ഫലമായി
ചാലിൻ്റെ ഇരുവശത്തുമുള്ള മാടപ്പാട് ചെറുവാണ്ടൂർ പ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമമാണ് നേരിട്ടത്. നെൽകൃഷി പൂർണമായും നിലച്ചിരുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലത്തെ നിരന്തരമായ ജനകീയ ഇടപെടൽ വഴി കൃഷി വകുപ്പിൻ്റെ സഹായത്തോടെ ഭാഗികമായി ചെറുവാണ്ടൂർ ചാൽ പുനസ്ഥാപിക്കാനും എൺപത് ഏക്കറിൽ നെൽകൃഷി ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ചാലിൽ മത്സ്യ സമ്പത്തിൻ്റെ അളവ് വർദ്ധിച്ചിട്ടുണ്ട്. ചാൽ ആഴം കൂട്ടി ഭാഗികമായി പുനസ്ഥാപിച്ചതോടെ ചാലിനോട് ചേർന്ന തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തടയാനും മാടപ്പാട് - ചെറുവാണ്ടൂർ കരകളിലായി രണ്ടായിരത്തിലധികം കിണറുകൾ റീചാർജ് ചെയ്ത് കുടിവെള്ളക്ഷാമം ഭാഗികമായി പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്.
നിരന്തരമായി അഭ്യർത്ഥ്യച്ചിട്ടും നാളിതുവരെ നഗരസഭ നയാപൈസയുടെ സഹായം ചെറുവാണ്ടൂർ ചാലിന് നൽകിയിട്ടില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. വാട്ടർ ടാങ്കോ പൈപ്പ് ലൈനോ സ്ഥാപിക്കാതെയാണ് നികത്തപ്പെട്ട ജലാശയങ്ങൾ തെളിച്ച് ഒരു നാടിൻ്റെ കുടിവെള്ളക്ഷാമം ഭാഗികമായെങ്കിലും പരിഹരിച്ചത്. പട്ടണത്തിലെ ഓടകൾ പുതുക്കി പണിത് മത്സ്യ-മാംസ മാർക്കറ്റുകളിലെയും ഹോട്ടലുകളിലെയും മാലിന്യം ചെറുവാണ്ടൂർ ചാലിൽ ഒഴുക്കാനുള്ള നീക്കത്തെ പ്രദേശവാസികളെ സംഘടിപ്പിച്ച് തടയുമെന്ന് സിപിഐ ബ്രാഞ്ച് സമ്മേളനം മുന്നറിയിപ്പ് നൽകി. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ നഗരസഭ സ്വീകരിക്കണമെന്ന് സിപിഐ സമ്മേളനം ആവശ്യപ്പെട്ടു. മാടപ്പാട് - ചെറുവാണ്ടൂർ വയലോരം റോഡ് നന്നാക്കാൻ
നഗരസഭാ അധികാരികൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ ജില്ലാ കമ്മിറ്റി അംഗം
പി.എ. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗം ശിവശങ്കരൻ നായർ പതാക ഉയർത്തി. പി.ജി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബേബി ചൂരപ്പുഴയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മറ്റി അംഗം അഡ്വ. പ്രശാന്ത് രാജൻ, ലോക്കൽ സെക്രട്ടറി കെ.വി. പുരുഷൻ, റോജൻ ജോസ്, പി.എസ്. രവീന്ദ്രനാഥ്, ഇ. ആർ. പ്രകാശ്,
സുമേഷ് തോപ്പിൽ,മാത്തച്ചൻ പേമലയിൽ,
എന്നിവർ പ്രസംഗിച്ചു. പുതിയ ബ്രാഞ്ച് സെകട്ടറിയായി ടി.ഡി. ഇന്ദിരയെയും, അസി. സെക്രട്ടറിയായി തോമസ് സി.പി.യെയും തെരെഞ്ഞെടുത്തു.