13 February, 2025 09:05:34 AM
വർക്ക് നിയർ ഹോം; ഏറ്റുമാനൂരിൽ ഐ.ടി. പാർക്ക് പദ്ധതി വരുന്നു

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഐ.ടി. ഐയുടെ ഭൂമിയിൽ ഐ.ടി. പാർക്ക് (വർക്ക് നിയർ ഹോം ) പദ്ധതി നടപ്പിലാക്കും. ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കിഫ്ബിയുടെയും സ്റ്റാർട്ടപ്പ് മിഷന്റെയും സഹായത്തോടെയാണ് പദ്ധതിനടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ച് ആവശ്യമായി വരുന്ന മുഴുവൻ തുകയും ഇതിന് ലഭ്യമാക്കും. 5.41 ഹെക്‌ടർ സ്ഥലത്തലാണ് ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ക്യാമ്പസിൽ ഐ.ടി.ഐ-യുടെ പ്രവർത്തനത്തിനാവശ്യമായ സ്ഥലം കഴിഞ്ഞുള്ള ഭൂമിയാകും ഇതിനായി ഉപയോഗിക്കുക.