01 February, 2025 04:47:18 PM


വിദ്യാർഥികളുടെ സുരക്ഷിതത്വം കാറ്റിൽ പറത്തി സ്കൂളിന്‍റെ മേൽക്കൂര പൊളിച്ചു പണിയുന്നു: അഴിമതിയെന്ന് ആരോപണം



ഏറ്റുമാനൂർ: വിദ്യാർഥികളുടെ സുരക്ഷിതത്വം കാറ്റിൽ പറത്തി സ്കൂളിന്‍റെ മേൽക്കൂര പൊളിച്ചു പണിയുന്നത് വൻ അഴിമതിയ്ക്ക് കളമൊരുക്കുന്നുവെന്ന് ആരോപണം. ഏറ്റുമാനൂർ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗവ. ബോയ്സ് ഹൈസ്കൂളിലാണ് സ്കൂൾ അധികൃതരുടെ സമ്മതം പോലും ഇല്ലാതെ നഗരസഭയുടെ കടന്നുകയറ്റം. ഒരു കുഴപ്പവുമില്ലാത്ത കെട്ടിടത്തിലാണ് നിലവിലുള്ള ജിഐ ഷീറ്റുകള്‍ മാറ്റി പകരം സിമന്‍റ് ഫൈബര്‍ എന്ന് പറയപ്പെടുന്ന ഷീറ്റുകള്‍ മേയുന്നതെന്നാണ് ഏറെ ശ്രദ്ധേയം.


കുട്ടികള്‍ ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കുമ്പോഴാണ് സ്കൂളിന്‍റെ മേല്‍ക്കൂര പൊളിച്ചുമാറ്റുന്നതും പുതിയ ഷീറ്റുകള്‍ മേയുന്നതും. അവധിക്കാലത്ത് മാത്രമേ വിദ്യാലയങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താവു എന്ന നിര്‍ദേശവും ഇവിടെ പാലിക്കപ്പെടുന്നില്ല. തങ്ങള്‍ അറിയാതെ സ്കൂള്‍ കെട്ടിടം പൊളിച്ചുപണിയുന്നതിനെതിരെ ഹെഡ്മാസ്റ്റര്‍ എഇഓ, ഡിഇഓ എന്നിവര്‍ക്ക് പരാതി നല്‍കുകയും ഈ പരാതി നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തെങ്കിലും നടപടികള്‍ ഒന്നും ആയില്ല. 


ആസ്ത്മാ പോലുള്ള രോഗങ്ങള്‍ ഉള്ള വിദ്യാര്‍ഥികള്‍ കൂടി പഠിക്കുന്ന സ്കൂളാണിത്. മേല്‍ക്കൂര പൊളിക്കുമ്പോള്‍ പരക്കുന്ന പൊടിപടലങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. നിര്‍മാണ സമയത്ത് എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ ആര് സമാധാനം പറയും എന്നാണ് സ്കൂള്‍ അധികൃതരുടെ ചോദ്യം. അങ്ങനെ ഒന്നുണ്ടായാല്‍ എല്ലാവരും കുറ്റപ്പെടുത്തുക സ്കൂള്‍ പ്രധാനാദ്ധ്യാപകനെയും തങ്ങളെയും ആയിരിക്കുമെന്നും നഗരസഭാ അധികൃതരും കരാറുകാരും കൈകഴുകുമെന്നും പിടിഎ ഭാരവാഹികള്‍ ഭയപ്പെടുന്നു.



ജിഐ, അലുമിനിയം ഷീറ്റുകള്‍ ചൂട് കൂടുന്നതിന് കാരണമാകയാല്‍ ഇവ മാറ്റണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ തിരക്ക് പിടിച്ച് ഈ പ്രവൃത്തി നടത്തുന്നതെന്നും പറയുന്നുണ്ട്. എന്നാല്‍ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര ഇപ്പോഴും ജിഐ ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. അടുത്തിടെ കോട്ടയം ജില്ലയില്‍ തന്നെ നിരവധി സ്കൂളുകളുടെ മേല്‍ക്കൂര ജിഐ ഷീറ്റുകള്‍കൊണ്ട് മേഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കുഴപ്പവുമില്ലാത്ത മേല്‍ക്കൂര മാറ്റി പകരം സംവിധാനം ചെയ്യുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 


സ്കൂളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ അധികൃതരെ അറിയിച്ച് അനുവാദം വാങ്ങിയിട്ടുവേണം. എന്നാല്‍ ഒരു കണ്ടയ്നര്‍ നിറയെ ഷീറ്റുകള്‍ നിറച്ച ലോറി സ്കൂള്‍ കോമ്പൌണ്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് അധികൃതര്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്നു എന്നറിയുന്നത്. ഈ ദിവസങ്ങളില്‍ ഹെഡ്മാസ്റ്റര്‍ അവധിയിലുമായിരുന്നു. ഈസമയം സ്കൂളില്‍ എത്തിയ പിടിഎ ഭാരവാഹികളും ഇതേ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ററി, വിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍മാര്‍ ഉള്‍പ്പെടെ അധ്യാപകരും ഇവ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ആണെന്നും ഇത് സ്കൂളില്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നുമുള്ള നിലപാടെടുത്തു.


തുടര്‍ന്ന് സ്ഥലത്തെത്തിയ നഗരസഭാ അധികൃതര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും ഇത് ആസ്ബസ്റ്റോസ് ആണെന്നോ അല്ലെന്നോ വിധിയെഴുതാനായില്ല. ആകെയുള്ളത് ഷീറ്റില്‍ നിര്‍മാതാക്കള്‍ എഴുതി വെച്ചിരിക്കുന്ന ആസ്ബസ്റ്റോസ് ഫ്രീ എന്ന വാക്കുകള്‍ മാത്രം. ഷീറ്റ് ആസ്ബസ്റ്റോസ് അല്ല എന്ന എഞ്ചിനീയറിംഗ് വിഭാഗം വിലയിരുത്തിയതോടെയാണ് മേച്ചില്‍ ജോലികള്‍ തുടര്‍ന്നത്. സിമന്‍റ് ഫൈബര്‍ എന്ന് പറയപ്പെടുന്ന പുതിയ ഷീറ്റിന് ഇപ്പോള്‍ നീക്കം ചെയ്യപ്പെടുന്ന ജിഐ ഷീറ്റുകളുടെ അത്രയും ഗുണനിലവാരവും വിലയും ഇല്ലെന്നാണ് പിടിഎ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നത്. മാത്രമല്ല, കമ്മീഷന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതിന് ഇത് സഹായകമാകുമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K