11 October, 2016 01:42:26 AM


കരുണാനുഭവ കണ്‍വന്‍ഷന്‍ 2016 മൂന്നാം ദിവസം പിന്നിട്ടു



അതിര‌മ്പുഴ: കാരിസ് ഭവനില്‍ ഇരുപത്താറാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ കരുണാനുഭവ കണ്‍വന്‍ഷന്‍ 2016 മൂന്നാം ദിവസം പിന്നിട്ടു. തിങ്കളാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. ജേക്കബ് മഞ്ഞളി, സിസ്റ്റര്‍ റ്റെസ്ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.ഫ്രാന്‍സിസ് സാലസിന്‍റെ മിഷനറിമാര്‍ കഴിഞ്ഞ 26 വര്‍ഷമായി വചന ശുശ്രൂഷ ചെയ്യുന്ന കാരിസ്ഭവന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന കരുണാനുഭവ കണ്‍വന്‍ഷന്‍ ശനിയാഴ്ച കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ.കുര്യന്‍ കാരിക്കലിന്‍റെ വിഷയാവതരണത്തോടെയാണ് ആരംഭിച്ചത്.


രാവിലെ വിജയപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു. വചനം ശ്രവിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തിക്കുകയും ചെയ്യുക വഴി വിശ്വാസത്തിലും ദൈവസ്നേഹത്തിലും കരുണയിലും വളര്‍ന്ന് യഥാര്‍ത്ഥ ഭാഗ്യവാനായി മാറാനാവുമെന്ന് പിതാവ് സന്ദേശത്തില്‍ പറഞ്ഞു. ദൈവത്തിന്‍റെ കരുണയുടെ പ്രവ‍ത്തികള്‍ എങ്ങനെ കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് പ്രഭാഷണത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി. കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് സമാപിക്കും.


ഞായറാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് കറുകുറ്റി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ബോസ്കോ ഞാളിയത്ത്, നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടറും വിജയപുരം രൂപതാ വികാരി ജനറാളുമായ മോണ്‍.സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനേകായിരങ്ങള്‍ക്ക് ജീവിത നവീകരണത്തിനും ദൈവിക സത്യങ്ങള്‍ മനസിലാക്കി വചനത്തില്‍ വളരുവാനും സൗഖ്യം സ്വന്തമാക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍.



ഈ വചന വിരുന്നില്‍ ഇരുപതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തതായി പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ഷിനോ പുതുശ്ശേരി അറിയിച്ചു. ധ്യാനദിവസങ്ങലില്‍ ദിവ്യബലി, വചന പ്രഘോഷണം, സൗഖ്യാരാധന, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. രോഗികളുടെ മേല്‍ ധ്യാന ദിവസങ്ങളില്‍ വൈദികര്‍ കൈ വച്ചു പ്രാര്‍ത്ഥിക്കും. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും. രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുെ ക്രമീകരിച്ചിട്ടുണ്ട്. 



12ന് സൗത്ത് വെസ്റ്റ് ഇന്ത്യാ പ്രൊവിന്‍സ് സുപ്പീരിയര്‍ റവ.ഡോ.ബെന്നി കുറ്റനാല്‍ സമാപന ദിവ്യബലിയും അനുഗ്രഹപ്രഭാഷണവും നടത്തും. കണ്‍വന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിന് ഫാ.അനീഷ് മുണ്ടിയാനിക്കല്‍ (ഫോണ്‍ - 8547186103) കണ്‍വീനറായും സണ്ണി വെട്ടിക്കാട്ട്, അഡ്വ.സാനി പകലോമറ്റം എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും അന്തോനിച്ചന്‍മാനാട്ട് ട്രഷററായും കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K