18 January, 2025 09:02:10 AM
ഹരിതകര്‍മസേനയുടെ മാലിന്യം തള്ളല്‍; അന്വേഷണവുമായി ശുചിത്വമിഷന്‍ ടീം
ഏറ്റുമാനൂർ: ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവമാലിന്യങ്ങള്‍ പൊതുവഴിയില്‍ കൂട്ടിയിടുന്നതിനെതിരെ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ അന്വേഷണവുമായി ശുചിത്വമിഷന്‍റെ എൻഫോഴ്സ്മെന്‍റ് ടീം. ഏറ്റുമാനൂര്‍ നഗരസഭ 34, 35 വാര്‍ഡുകളിലെ റോഡരികുകളിൽ പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം കൂട്ടിയിട്ട മാലിന്യം ഒന്നര മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ വന്നതോടെയാണ് അസോസിയേഷൻ മന്ത്രിക്കുൾപെടെ പരാതി നൽകിയത്. വിശദമായ അന്വേഷണത്തിനായി ഈ പരാതി ജില്ലാ ജോയിന്‍റ് ഡയറക്ടർക്കും ശുചിത്വമിഷനും കൈമാറി.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മിപ്രിയയുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ലീഡർ പോൾ ബേബി, അംഗം എൻ. പ്രശാന്ത് എന്നിവരാണ് ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അസോസിയേഷന്‍റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടതായി സംഘാംഗങ്ങൾ പറഞ്ഞു. മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നതിന് വേണ്ട നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. നിരത്തുകളിൽ ഇപ്പോഴും മാലിന്യം കുന്നുകൂടി കിടക്കുന്നതായും കണ്ടെത്തി. വികെബി റോഡിൽ രണ്ട് മാസം മുമ്പ് മുതലുള്ള മാലിന്യമാണ് ഇപ്പോഴും കൂടി കിടക്കുന്നതെന്ന് പരിസരവാസികൾ ചൂണ്ടി കാട്ടി.
ഒരു വാര്‍ഡില്‍നിന്നും മാലിന്യം ശേഖരിച്ചുകഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നഗരസഭയില്‍നിന്നും വാഹനം വിളിച്ചുകൊണ്ടുപോയി സ്ഥലത്തുനിന്നും നീക്കേണ്ട ചുമതല ഹരിതകര്‍മസേന അംഗങ്ങള്‍ക്കു തന്നെയാണെന്ന് ആരോഗ്യസിഥിരം സമിതി അധ്യക്ഷ ബീനാ ഷാജി പരാതി ഉന്നയിച്ച അസോസിയേഷന്‍ ഭാരവാഹികളോട് പറഞ്ഞിരുന്നു. അതേസമയം മാലിന്യം സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും വാഹനസൗകര്യവും കുറവായതാണ് റോഡിൽ ഇങ്ങനെ മാലിന്യം കൂടി കിടക്കാൻ കാരണമെന്നാണ് ഹരിതകര്‍മസേന അംഗങ്ങള്‍ പറയുന്നത്. സൌകര്യങ്ങള്‍ ഒരുക്കേണ്ടത് നഗരസഭയാണെന്നും റോഡിൽ കൂട്ടിയിടാനാണങ്കിൽ യൂസർ ഫീ വാങ്ങി മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കേണ്ടതില്ലെന്നുമാണ് നാട്ടുകാരുടെ പക്ഷം.
വീടുകളില്‍ നിന്നും ശേഖരിച്ച് റോഡില്‍ തള്ളി കാലങ്ങളായി കൂടി കിടക്കുന്ന മാലിന്യങ്ങളോടൊപ്പം മറ്റ് സ്ഥലങ്ങളില്‍നിന്നുമുള്ളവള്‍ ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നത് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുവാൻ കാരണമായി. നായ്ക്കൾ റോഡില്‍ വലിച്ചു നിരത്തിയിടുന്ന മാലിന്യങ്ങൾ നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാന്‍ തയ്യാറാകാതെ വീണ്ടും മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന അംഗങ്ങള്‍ എത്തിയതോടെയാണ് മാസങ്ങള്‍ക്ക് മുമ്പ് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇപ്രകാരം പൊതുവഴിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് തുടര്‍ന്നാല്‍ ഹരിതകര്‍മസേനയോട് സഹകരിക്കേണ്ടതില്ല എന്നും അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.
മാലിന്യം വലിച്ചെറിയരുത് എന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതിന് ചുവട്ടിലും തീരെ വീതി കുറഞ്ഞ റോഡരികില്‍ വീടുകളുടെ പടിവാതിലിലും ആയിരുന്നു ഹരിതകര്‍മസേന മാലിന്യം തള്ളിയിരുന്നത്. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമായ പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ മാലിന്യങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രവണത തുടരുന്നതിനിടെയാണ് ഇന്നലെ അന്വേഷണസംഘം സ്ഥലത്തെത്തിയത്. വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ താത്ക്കാലികമായി സൂക്ഷിക്കാനായി അടച്ചുപൂട്ടുള്ള മിനി മെറ്റീരിയൽ കളക്ഷൻ സൗകര്യം വാര്‍ഡ് കൌണ്‍സിലറുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡിലും ക്രമീകരിക്കേണ്ടതാണ്. നഗരസഭയുടെ പല വാര്‍ഡുകളിലും ഈ സൌകര്യം ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. തങ്ങളുടെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണസംഘം ശുചിത്വമിഷന് സമര്‍പ്പിക്കും.