16 January, 2025 11:23:27 AM


ദുർഗന്ധപൂരിതമായി ഏറ്റുമാനൂരിലെ വീഥികൾ; കണ്ണടച്ച് അധികൃതർ



ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ റോഡരികുകളിൽ രാത്രി കാലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. ഏറ്റുമാനൂർ- മണർകാട് ബൈപാസിൽ പട്ടിത്താനം മുതൽ പൂവത്തുമൂട് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ ശുചിമുറി മാലിന്യം തള്ളുന്നത്. 

ആലപ്പുഴ, ചേർത്തല, കൊച്ചി ഭാഗങ്ങളിൽ നിന്ന് മിനി ടാങ്കർ ലോറികളിൽ എത്തിക്കുന്ന ശുചിമുറി മാലിന്യം വൈകുന്നേരം ആളൊഴിഞ്ഞ ഭാഗങ്ങളിൽ പാർക്ക് ചെയ്ത ശേഷം രാത്രി കാലങ്ങളിൽ ഇരുട്ടിന്റെ മറപറ്റി റോഡരികുകളിൽ തള്ളുന്നതാണ് പതിവായിരിക്കുന്നത്. ഇതിനാൽ പാതയോരങ്ങളിലൂടെയുള്ള സഞ്ചാരം വളരെ ബുദ്ധിമുട്ടിലാണെന്ന് നാട്ടുകാർ സാക്ഷ്യപെടുത്തുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ശുചിമുറി മാലിന്യം തള്ളിയ ഏതാനും വ്യക്തികളെ ലോറി സഹിതം പിടിച്ചുവെങ്കിലും പിഴ ഈടാക്കിയ ശേഷം അവരെ വിട്ടയക്കുകയാണ് ചെയ്തത്. ശുചിമുറി മാലിന്യമടങ്ങിയ ടാങ്കർ ലോറികൾ പോലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിടാൻ ബുദ്ധിമുട്ടാണ്. മാലിന്യം എവിടെ കൊണ്ട് തള്ളുമെന്ന ആശങ്കയിലാണ് പോലീസുകാരും. മാലിന്യം തള്ളുന്നവരെ കസ്റ്റഡിയിൽ എടുക്കാനും ബുദ്ധിമുട്ടാണ്. 

വർഷങ്ങൾക്ക് മുൻപ് പേരൂർ പാറമ്പുഴ കുഴിയാലി പടിക്ക് സമീപം ശുചിമുറി മാലിന്യം സ്ഥിരമായി തോട്ടിൽ നിക്ഷേപിച്ചു കൊണ്ടിരുന്നത് നാട്ടുകാർ പിടികൂടുകയും മാലിന്യം തള്ളിയവരെ കൊണ്ട് തിരികെ ബക്കറ്റിൽ കോരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും ജാഗരൂകരായി നാട്ടുകാർ ഉണ്ടെങ്കിലും ശുചിമുറി മാലിന്യം തള്ളാൻ വരുന്നവർ മാരകായുധങ്ങളുമായിട്ടാണ് വരുന്നതെന്നതാണ് നാട്ടുകാരെ ഭീതിപെടുത്തുന്ന മറ്റൊരു കാര്യം. അതുകൊണ്ട് നാട്ടുകാർക്ക് നാടിനെ മലിനമാക്കാൻ വരുന്നവരെ നേരിടാൻ ഭയമാണ്. ഇവിടെ പോലീസിന്റെയും നഗരസഭയുടെയും അധികൃതരുടെ ശ്രദ്ധ ഉടൻ പതിയേണ്ടതുണ്ട്.

പട്ടിത്താനം മണർകാട് ബൈപാസ് റോഡിലുള്ളത് പോലെ തന്നെയാണ് ചെറുവാണ്ടൂർ, പേരൂർ, മാടപ്പാട്, കാണക്കാരി ഭാഗങ്ങളിലുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളിലെല്ലാം ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. ഒപ്പം തന്നെ മീനച്ചിലാറിന്റെ പരിസര പ്രദേശങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവായി. ഏറ്റുമാനൂർ നഗരത്തിലൂടെ ഒഴുകി പോകുന്ന മാറാവേലി തോട്ടിലേക്കാണ് കൂടുതലും മാലിന്യം ചെല്ലുന്നത്. മാറാവേലി തോട്ടിൽ നിന്ന് മാലിന്യം ഒഴുകി ചെറുവാണ്ടൂർ പാടശേഖരങ്ങളിലും അവിടെ നിന്ന് മീനച്ചിലാറ്റിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഇത് കൂടുതൽ പരിസ്ഥിതി മലിനീകരണത്തിനും ജല മലിനീകരണത്തിനും ഇടയാക്കുകയാണ്. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K