30 December, 2024 08:58:29 AM


കലാവിസ്മയ ചാരുതയിൽ കെ ഇ ക്യാമ്പസ്



മാന്നാനം :ക്രിസ്തുമസ് ദീപങ്ങളും കാവൽ മാലാഖമാരും സാന്താക്ലോസും വർണ്ണ വിസ്മയം ഒരുക്കുന്ന മാന്നാനം കെ ഇ ക്യാമ്പസിലെ പുൽക്കൂട് കലാചാരുത കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും നവ്യാനുഭവമായി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ നാമധേയത്തിൽ പ്രശസ്തമായ ,കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം നിരയിൽ നിലകൊള്ളുന്ന കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏതൊരാഘോഷത്തിനും വ്യത്യസ്തതയുടെ കയ്യൊപ്പ് നൽകാറുണ്ട്. ഏഴു കുതിരകളാൽ നയിക്കപ്പെടുന്ന , പ്രകാശത്തിൻ്റെ ഏഴു വർണ്ണങ്ങളെയും ഏഴു ദിവസങ്ങളെയും പ്രതിനിധീകരിക്കുന്ന, കാലചക്രത്തിന്റെ പ്രതീകമായി ആകാശഗംഗയിലൂടെ സഞ്ചരിക്കുന്ന ഊർജ്ജസ്രോതസ്സായ സൂര്യ ഭഗവാൻ്റെ രഥത്തെ ഓർമ്മപ്പെടുത്തുന്ന മാതൃകയിലുള്ള പ്രവേശന കവാടത്തിലൂടെ കടന്നെത്തുന്ന കെ ഇ ക്യാമ്പസ്. ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരത്തെ വരവേൽക്കാനായി ക്യാമ്പസിൽ തയ്യാറാക്കിയ പുൽക്കൂടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്ലാസ്റ്റർ ഓഫ് പാരീസ്, ജൂട്ട്, പോളിഫോം, പൈപ്പ്, കമ്പി തുടങ്ങി നിരവധി വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നു.

സത്യവേദപുസ്തകത്തിൽ യോനാ പ്രവാചകനെ തിമിംഗലം കരയിൽ എത്തിച്ചതായി പറയുന്നു കഥയും പുൽക്കൂടിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലാകാരനായ മലപ്പുറം സുരേഷിന്റെയും മാന്നാനം സ്വദേശി പ്രബീഷിന്റെയും നേതൃത്വത്തിൽ 15 ഓളം കലാകാരന്മാർ ഒന്നരമാസത്തോളം രാവും പകലും ഒരുപോലെ പരിശ്രമിച്ച് തയ്യാറാക്കിയതാണ് വ്യത്യസ്തതയാർന്ന ഈ പുൽക്കൂട് .സ്കൂൾ  പ്രിൻസിപ്പൽ റെവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ നേതൃത്വത്തിൽ ക്യാമ്പസ് ഒന്നടങ്കം ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയപ്പോൾ അത് മാന്നാനം നിവാസികൾക്ക് മാത്രമല്ല ജാതിമതഭേദമില്ലാതെ ഏതൊരാൾക്കും കാഴ്ചയുടെ വിരുന്നൊരുക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K