12 December, 2024 05:19:00 PM
അതിരമ്പുഴയില്‍ പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഏറ്റുമാനൂർ: അതിരമ്പുഴ മനയ്ക്കപ്പാടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. കാലിനു പരിക്കേറ്റ ഡ്രൈവർ അതിരമ്പുഴ മലയപറമ്പിൽ ബെന്നി (58)യെ ഏറ്റുമാനൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ ഏറ്റുമാനൂരിൽ നിന്ന് അതിരമ്പുഴയിലേക്ക് പോകുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽ പെട്ടത്. മനയ്ക്കപ്പാടം വളവ് തിരിഞ്ഞു മുന്നോട്ടു പോകവേ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോളാണ് അപകടം സംഭവിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
നിയന്ത്രണം വിട്ട വാഹനം റോഡിന് എതിർ വശത്തെ വൈദ്യുതി പോസ്റ്റും ഒരു വീടിന്റെ മതിലും ഇടിച്ചു തകർത്തു മറിയുകയായിരുന്നു. അപകടത്തിൽ പോസ്റ്റും ലൈനും തകർന്നതിനെ തുടർന്ന് പ്രദേശത്തു വൈദ്യുതി വിതരണം തടസപ്പെട്ടു. നാലരയോടെ സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതർ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.