02 December, 2024 08:28:03 PM
വാർത്ത ഫലം കണ്ടു; ശക്തി നഗർ ബസ് സ്റ്റോപ്പിലെ ഹൈമാസ്റ്റ് വിളക്ക് മിഴി തുറന്നു
ഏറ്റുമാനൂര്‍: 'കൈരളി വാർത്ത'യുടെ റിപ്പോർട്ട് ഫലം കണ്ടു. ഏറ്റുമാനൂർ ശക്തി നഗർ ബസ് സ്റ്റോപ്പിലെ ഹൈമാസ്റ്റ് വിളക്ക് മിഴി തുറന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയ്ക്ക് സമീപം എം സി റോഡില്‍ ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന വിളക്ക് ഉൾപ്പെടെ നഗരസഭ പരിധിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ പലതും നോക്കുകുത്തിയായി മാറിയത് ഏതാനും ദിവസം മുൻപ് കൈരളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വിവിധ ദിശകളിലേക്ക് വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മുകളിലെ വളയത്തില്‍ ആറ് കാലുകളിലായി 12 വിളക്കുകള്‍ ഘടിപ്പിക്കാനുളള സംവിധാനമാണ് ശക്തിനഗർ ബസ് സ്റ്റോപ്പിലെ പോസ്റ്റിലുള്ളത്. എന്നാല്‍ ഇവയില്‍ 2 കാലുകളില്‍ വിളക്കുകള്‍ ഒന്നും കാണ്മാനില്ലായിരുന്നു. ഇവ ഒടിഞ്ഞു താഴെ വീണതായിരിക്കാമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. രണ്ട് വിളക്കുകളുടെ ഫ്രയിം മാത്രമായിരുന്നു അവശേഷിച്ചത്. ബാക്കിയുളള നാല് വിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് മാത്രമല്ല. എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന അവസ്ഥയിലും ആയിരുന്നു.
ഏറ്റുമാനൂരില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ നോക്കുകുത്തിയായി: ശക്തിനഗര്‍ ബസ് സ്റ്റോപ്പ് ഇരുട്ടില്‍
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്കും അല്ലാതെയുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി യാത്രക്കാരാണ് ശക്തിനഗർ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. രാത്രിയിൽ ഈ പ്രദേശം ഇരുട്ടിൽ മുങ്ങുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് ഈ യാത്രക്കാരാണ്. ശബരിമല സീസൺ ആരംഭിക്കും മുന്നേ നഗരത്തിലെ വഴിവിളക്കുകൾ എല്ലാം പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നിട്ടും ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളോട് മുഖം തിരിച്ചു തന്നെ നിൽക്കുകയായിരുന്നു നഗരസഭ അധികൃതർ.