12 September, 2024 06:59:31 PM
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ: മണ്ണുപരിശോധന പൂർത്തീകരിച്ചു
ഏറ്റുമാനൂർ: ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മണ്ണുപരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമായതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആർ.ഐ.ക്യൂ.സി.എൽ. മുഖേനയാണ് മണ്ണു പരിശോധന നടന്നത്. ഒന്നാംഘട്ട നിർമാണത്തിനായി 15 കോടി രൂപലാണ് അനുവദിച്ചത്. ഏറ്റുമാനൂർ വില്ലേജിലെ 70 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. അഞ്ചു നിലകളിലായി 41010.5 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 15 സർക്കാർ ഓഫീസുകളാണ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട രൂപകൽപനയ്ക്ക് (സ്ട്രക്ച്ചറൽ ഡിസൈൻ) അംഗീകാരം ലഭിച്ചാലുടൻ ടെണ്ടർ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ഡയറി എക്‌സ്റ്റൻഷൻ, പൊതുമരാമത്ത് കെട്ടിടം എ.ഇ., ഭക്ഷ്യസുരക്ഷ ഓഫീസ്, എ.പി.പി., ഐ.സി.ഡി.എസ്., കൃഷി എ.ഡി., പൊതുമരാമത്ത് നിരത്ത് വിഭാഗം എ.ഇ., കൃഷി ഭവൻ, മോട്ടോർ വാഹന വകുപ്പ്, ആർ.ടി.ഒ., ഡെപ്യൂട്ടി ലേബർ കമ്മീഷണർ, അസിസ്റ്റന്റ് ലേബർ ഓഫീസർ, ജി.എസ്.ടി. വകുപ്പുകളുടെ ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.