24 August, 2024 08:56:48 PM


പ്ലോട്ട് ഉടമയ്ക്ക് കെട്ടിട നിർമാണ പെർമിറ്റ് അനുവദിച്ചു: ഡവലപ്പർക്കെതിരേ നടപടി



കോട്ടയം: ഡെവലപ്പർ ഡെവലപ്പ്‌മെന്‍റ് പെർമിറ്റ് എടുക്കാത്തതിന് പ്ലോട്ട് ഉടമകളെ ബുദ്ധിമുട്ടിക്കരുതെന്നും പ്ലോട്ടുടമകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാനും മന്ത്രിയുടെ ഉത്തരവ്. പെർമിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി തദ്ദേശ അദാലത്തിലെത്തിയ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എൻ.എം. രജനിക്കാണ് കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാൻ ഉത്തരവ് നൽകിയത്. ഭൂവുടമയായ ഡെവലപ്പർ വിവിധ പ്ലോട്ടുകളായി വിഭജിച്ച് വിറ്റ ഭൂമിയിൽ ഒന്നാണ് രജനി വാങ്ങിയത്. 10 പ്ലോട്ടിലധികമായി മുറിച്ചുവിറ്റിട്ടും ഡെവലപ്പർ ഡെവൽപ്‌മെന്റ് പെർമിറ്റ് എടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും കെ റെറയുടെ ഉത്തരവുകൾ പരിഗണിച്ചുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനം പെർമിറ്റ് നിഷേധിച്ചത്. ഇതിനെതിരേയാണ് രജനി അദാലത്തിനെ സമീപിച്ചത്.

ഡെവലപ്പറുടെ നിയമലംഘനത്തിന് പ്ലോട്ടുടമകളെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തരമായി പ്ലോട്ട് ഉടമകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് നൽകാൻ മന്ത്രി ഉത്തരവിട്ടു. ഡെവലപ്‌മെന്റ് പെർമിറ്റ് ഇല്ലാതെ സ്ഥലംവിറ്റ ഉടമയ്‌ക്കെതിരേ കർശന നടപടി സ്വീകരിക്കും. ഡെവലപ്പർക്ക് കെട്ടിട നിർമാണ പെർമിറ്റ് ഉൾപ്പെടെ ഒരു പെർമിറ്റും എവിടെയും അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി. ഡെവലപ്പറുടെ വിശദാംശങ്ങൾ കെ റെറയ്ക്ക് റിപ്പോർട്ട് ചെയ്തു തുടർനടപടി സ്വീകരിക്കും. ആവശ്യമായ ശിക്ഷ ഉറപ്പുവരുത്താൻ വേണ്ട ചട്ട ഭേദഗതിക്കും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ഡെവലപ്‌മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ഇതിനകം തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങൾ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കിയും നിയമലംഘനം നടത്തിയവർക്കെതിരേ കർശന നടപടി ഉറപ്പാക്കിയും ചട്ടങ്ങൾ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K