17 August, 2024 07:25:14 PM
അധികൃതര്‍ കണ്ണടയ്ക്കുന്നു; ഏറ്റുമാനൂരില്‍ സ്വകാര്യബസ് സര്‍വീസ് തോന്നുംപടി
ഏറ്റുമാനൂര്‍: കോട്ടയം ഭാഗത്തുനിന്നും എം.സി.റോഡിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ കയറി ഏറ്റുമാനൂര്‍ പട്ടണത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ പക്കല്‍ ഓട്ടോറിക്ഷയ്ക്ക് കൊടുക്കാന്‍ പണമില്ലെങ്കില്‍ വലഞ്ഞതുതന്നെ. മഴയായാലും വെയിലായാലും യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ഇടവഴി കയറിപോകുന്ന സ്വകാര്യബസുകളെ നിയന്ത്രിക്കാന്‍ പോലീസോ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകുന്നുമില്ല.
കോട്ടയത്തുനിന്നും ഏറ്റുമാനൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി തിരിഞ്ഞ് സ്വകാര്യബസ് സ്റ്റാന്‍റിലേക്ക് കയറണമെന്നാണ് നിര്‍ദേശം. എന്നാല്‍ എം.സി.റോഡിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ ഒരിക്കലും ഈ നിര്‍ദേശം പാലിക്കാറില്ല. പാറോലിക്കല്‍ കവലയില്‍ യാത്രക്കാരെ നിര്‍ബന്ധിച്ച് ഇറക്കിവിട്ടശേഷം ഓള്‍ഡ് എം.സി.റോഡിലൂടെ സ്വകാര്യ ബസ് സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്ന ബസുകളുടെ ഈ പ്രവൃത്തി കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
വിമലാ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഇറങ്ങേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതുമൂലം കഷ്ടപ്പെടുന്നത്. ഇവര്‍ ഒരു കിലേമീറ്ററോളം ദൂരം നടന്നോ അല്ലെങ്കില്‍ ഓട്ടോറിക്ഷയ്ക്കോ വേണം പിന്നീട് ലക്ഷ്യസ്ഥാനത്തെത്താന്‍. പലപ്പോഴും ഓട്ടോറിക്ഷ കിട്ടാറില്ലെന്ന് മാത്രമല്ല, കിട്ടിയാല്‍ തന്നെ പോക്കറ്റ് കീറുന്ന ചാര്‍ജും ഈടാക്കും.
യഥാര്‍ഥ സര്‍വീസ് റൂട്ട് അല്ലാത്ത ഓള്‍ഡ് എം.സി.റോഡിലൂടെ തിരിയുമ്പോള്‍ ചോദ്യം ചെയ്യുന്ന യാത്രക്കാരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന ബസ് ജീവനക്കാര്‍ സ്ത്രീകളോ കുട്ടികളോ വയോധികരോ എന്ന നോട്ടമില്ലാതെ അസഭ്യവാക്കുകള്‍ ചൊരിയുന്നതും നിത്യസംഭവം. പലപ്പോഴും നഗരത്തിലെ ബ്ലോക്കും സമയമില്ലായ്മയുമാണ് വഴിതിരിഞ്ഞ് പോകുന്നതിന് ബസുകാര്‍ കാരണമായി ചൂണ്ടികാട്ടുന്നത്. വണ്‍വേ ആണെന്ന് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവരും ഉണ്ട് ഈ കൂട്ടത്തില്‍. ഓരോ ബസ് സ്റ്റോപ്പിലും ഏറെ നേരം കിടന്ന് യാത്രക്കാരെ കയറ്റാന്‍ ശ്രമിക്കുന്നതുമൂലമുണ്ടാകുന്ന സമയനഷ്ടവും ഇവര്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു.
തീരെ വീതി കുറഞ്ഞ ഓള്‍ഡ് എം.സി.റോഡിലൂടെ അനധികൃതമായുള്ള ബസുകളുടെ ചീറിപായല്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമായിരിക്കുകയും കൂടിയാണ്. ഏറെ നാള്‍ മുമ്പ് വരെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലൂടെയായിരുന്നു സ്വകാര്യ ബസുകളുടെ തലങ്ങും വിലങ്ങുമുളള ഈ യാത്ര. ഇതിനിടെ തങ്ങളുടെ ഒരു ജീവനക്കാരനെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ചതോടെ ഈ വഴിയുള്ള ഓട്ടം കെഎസ്ആര്‍ടിസി തടഞ്ഞു. ഇതിനുശേഷമാണ് യാത്രക്കാരോടുള്ള ക്രൂരത ഇത്രയധികം വര്‍ധിച്ചത്.