20 July, 2024 05:38:18 PM
മന്ത്രി നേരിട്ടെത്തി; നീണ്ടൂർ റോഡില്‍ കോട്ടമുറി ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരമായി
ഏറ്റുമാനൂർ: ഏറ്റുമാനൂർ നീണ്ടൂർ റൂട്ടിൽ കോട്ടമുറി ജംഗ്ഷനു സമീപം റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി. മന്ത്രി വി.എൻ വാസവൻ നേരിട്ടെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. താഴ്ന്ന പ്രദേശമായ ഇവിടേക്കു 4 വശങ്ങളിൽ നിന്നുമാണു വെള്ളം ഒഴുകിയെത്തുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഏറ്റുമാനൂർ പൊതുമരാമത്ത് റോഡ് വിഭാഗം റോഡ് നവീകരണ നടപടികൾ ആരംഭിച്ചിരുന്നു. എസ്റ്റിമേറ്റ് തയാറാക്കി നിർമാണ പ്രവർത്തനങ്ങളിലേക്കു കടന്നപ്പോഴാണു വെള്ളം ഒഴുക്കി വിടാൻ സംവിധാനം ഇല്ലെന്ന് അറിയുന്നത്. ഇതോടെ പദ്ധതി പ്രതിസന്ധിയിലായി. ഇക്കാര്യം പൊതുമരാമത്ത് അധികൃതർ മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ മന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കുകയായിരുന്നു. പൊതുജന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബഹു: മന്ത്രി വി എൻ വാസവൻ്റെ ശ്രമഫലമായി സമീപ വാസി അദ്ദേഹത്തിൻ്റെ പുരയിടത്തിൽ കൂടി അരികുചാൽ നിർമിച്ച് വെള്ളം താഴ്ന്ന സ്ഥലത്തേയ്ക്ക് ഒഴുക്കുന്നതിന് അനുവാദം നൽകി. ഇതോടു കൂടി റോഡരികു വഴി അരികു ചാൽ നിർമിക്കുകയും , ഷോൾഡറുകൾ ഉയർത്തുകയും ചെയ്യുന്നതോടെ പ്രശ്ന പരിഹാരം ആവും. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ മന്ത്രി പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.