03 July, 2024 06:55:44 PM
ഏറ്റുമാനൂരിൽ വീട് കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റിൽ
ഏറ്റുമാനൂർ : വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിതുറന്ന് സ്വർണവും, പണവും മോഷ്ടിച്ച കേസിൽ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള വീട്ടിൽ രാജേഷ് (42),ഇയാളോടൊപ്പം താമസിച്ചിരുന്ന പാലക്കാട് ഷോർണൂർ ഭാഗത്ത് തോപ്പിൽ വീട്ടിൽ ബേബി (42) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് കഴിഞ്ഞമാസം ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ഭാഗത്തുള്ള വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയം വീടിന്റെ വാതിൽ കുത്തി തുറന്ന് മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്തൊൻപതര പവൻ സ്വർണാഭരണങ്ങളും, 5000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഒരു ഭാഗം ഇയാൾ കൂടെ താമസിച്ചിരുന്ന ബേബിയെ ഏൽപ്പിക്കുകയും ഇവർ ഇതിൽ നിന്നും മോതിരം സ്വർണക്കടയിൽ വില്‍ക്കുകയുമായിരുന്നു. ഇവരുടെ വീട്ടിൽ സൂക്ഷിച്ചതും കടയിൽ വിറ്റതുമായ സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോട്ടയം ഡിവൈഎസ്പി എം.മുരളി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ സൈജു കെ, മനോജ്കുമാർ.ബി, സി.പി.ഓ മാരായ മനോജ് കെ.പി, സെയ്ഫുദ്ദീൻ, അനീഷ്, ഫ്രാജിൻ ദാസ്, രതീഷ്.ആർ, സുനിൽ കുര്യൻ, സാബു, വിനു കെ.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ രാജേഷ് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളായി പതിനെട്ടോളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.