22 June, 2024 01:58:57 PM


'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ : വീട്ടമ്മമാർക്കായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ നടപ്പാക്കിവരുന്ന 'എന്റെ അടുക്കളതോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണം നടന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുമായി കോർത്തിണക്കി ഏറ്റുമാനൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് വിത്തുകൾ വിതരണം ചെയ്തത്. അസോസിയേഷൻ രക്ഷാധികാരി എം എസ് മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ ദിനേശ് ആർ ഷേണായ് അദ്ധ്യക്ഷനായിരുന്നു.

നഗരവാസികളായ അസോസിയേഷൻ അംഗങ്ങളിൽ പലരും വീടുകളുടെ മട്ടുപ്പാവിലും മറ്റുമാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. എല്ലാ വർഷവും ഏറ്റവും നല്ല രീതിയിൽ അടുക്കളത്തോട്ടം തയ്യാറാക്കുന്ന വീട്ടമ്മമാർക്ക് അസോസിയേഷൻ പുരസ്‌കാരം നൽകിവരുന്നുണ്ട്. അടുത്ത ഓണത്തിന് മുന്നോടിയായി ഓരോ വീടുകളിലും എത്തുന്ന ജൂറി അംഗങ്ങൾ ഏറ്റവും നല്ല അടുക്കളതോട്ടങ്ങൾ കണ്ടെത്തുകയും ഇവർക്ക് ഓണാഘോഷത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ നൽകുകയും ചെയ്യുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സഹകരണത്തോടെയും അല്ലാതെയും തൈകളും ജൈവവളവും അനുബന്ധ സാധനങ്ങളും സൗജന്യമായും സബ്‌സിഡി നിരക്കിലും അംഗങ്ങൾക്ക് ലഭ്യമാക്കുമെന്ന് സെക്രട്ടറി ബി സുനിൽകുമാർ അറിയിച്ചു. രണ്ടു മാസം മുൻപ് അംഗങ്ങൾക്ക് വിതരണം ചെയ്ത 'ജി ബിൻ' എന്ന ഉറവിട മാലിന്യ സംസ്കരണ യൂണിറ്റുകളിലൂടെ പച്ചക്കറി കൃഷിക്കുള്ള ജൈവവളം വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുവാൻ അംഗങ്ങൾക്ക് കഴിഞ്ഞതായും സെക്രട്ടറി പറഞ്ഞു. 

ട്രഷറർ എൻ വിജയകുമാർ, സ്ത്രീശക്തി കൺവീനർ അമ്മിണി സുശീലൻ നായർ, ആശ അപ്പുകുട്ടൻ നായർ, ബീന രാമചന്ദ്രൻ, ഗീത അരുൺകുമാർ, സുപ്രിയ ശ്രീകുമാർ, രാജി മേനോൻ, പദ്മിനി വിജയ്, ഷീലാറാണി എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K