19 June, 2024 06:40:51 PM


'ഓടനവീകരണം' വിനയായി: കെണിയൊരുക്കി സ്ലാബുകളും; ഇടപെടലുമായി മന്ത്രി



ഏറ്റുമാനൂര്‍: നഗരസഭയുടെ 34, 35 വാര്‍‍‍ഡുകളിലെ വികെബി റോഡിലും സായ് റോഡിലും  ഓടകള്‍ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയെന്ന പരാതിയില്‍ തദ്ദേശവകുപ്പ് മന്ത്രിയുടെ ഇടപെടല്‍. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓടകളുടെ വിഷയത്തില്‍ എത്രയുംവേഗം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.


നഗരസഭയുടെ നേതൃത്വത്തില്‍‍‍ ഓട നവീകരണം എന്ന പേരില്‍ ഒരാഴ്ച മുമ്പ് വികെബി റോഡിലും സായ് റോഡിലും ഏതാനും ഭാഗത്ത് മാത്രം ഒന്നരയടി താഴ്ചയില്‍‍ മണ്ണ് നീക്കം ചെയ്തത് ചെറിയ ഒരു മഴയത്തുപോലും വെള്ളകെട്ടിനും അപകടങ്ങള്‍ക്കും കാരണമായിരുന്നു. മണ്ണ് മാറ്റിയ ഭാഗത്ത് നിന്ന് വെള്ളം മറ്റെങ്ങോട്ടും ഒഴുകി പോകാന്‍ ഈ റോഡുകളില്‍ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഒരു വീടിനു  ചുറ്റും മാത്രമായി മണ്ണ് മാറ്റിയതോടെ ഓടയ്ക്കുള്ളില്‍ നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുമായി.



തദ്ദേശവാസികളുടെ ആശങ്കയുടെ അടിസ്ഥാനത്തില്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭയ്ക്കും കെഎസ്ഈബി അധികൃതര്‍ക്കും തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിനും സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവനും വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിക്കും പരാതി നല്‍കിയിരുന്നു. അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുക്കുകയും റോഡിന് കുറുകെ ഓട കീറി മുകളില്‍ ഒടിഞ്ഞ സ്ലാബുകള്‍ ഇട്ട് മൂടുകയും ചെയ്തത്  അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും വെള്ളകെട്ട് കൊതുകുകള്‍ പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഇതിന് പിന്നാലെ സ്ലാബുകള്‍ ഒടിഞ്ഞ് ഓടയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.


സായ് റോഡില്‍നിന്നും ക്ഷേത്രസംരക്ഷണസമിതിഓഫീസിന് സൈഡിലൂടെ മാറാവേലി തോട്ടിലേക്കുള്ള ഓടയുടെ മുകളില്‍ സ്ലാബിട്ട് വഴിയായി ഉപയോഗിച്ചുവരികയാണ്. നഗരസഭയുടെ കീഴിലുള്ള വഴിയില്‍ സ്ലാബുകള്‍ ഇളകി മാറിയും വളരെ ഭീകരമായ അവസ്ഥയില്‍ പൊട്ടിപൊളിഞ്ഞും കിടക്കുന്നത് പരിസരവാസികള്‍ക്ക് ഏറെ ഭീഷണിയായി. നീരൊഴുക്ക് തടസപ്പെടുന്ന രീതിയില്‍ പൊട്ടിപൊളിഞ്ഞ ഓടയില്‍നിന്നും മലിനജലം പരിസരവാസികളുടെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകുന്നു. ഓടയില്‍കൂടി ഒഴുകിയിറങ്ങുന്ന ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഏറെയുള്ളതായി മുന്‍കാല പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. മഴ ശക്തിപ്രാപിക്കും മുമ്പ് തന്നെ ഈ ഓട നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നും അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.  


വികെബി റോഡിലെ വൈദ്യുതിപോസ്റ്റ് ചെരിഞ്ഞ് അപകടാവസ്ഥയിലായത് സംബന്ധിച്ച റസിഡന്‍റ്സ് അസോസിയേഷന്‍റെ പരാതി ലഭിച്ച പിന്നാലെ കെഎസ്ഈബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓടനവീകരണമെന്ന പേരില്‍ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തതാണ്  വൈദ്യുതി പോസ്റ്റ് അപകടകാരിയായതിന് കാരണമെന്ന് കണ്ടെത്തി. ഇത് ചൂണ്ടികാട്ടി നഗരസഭയ്ക്ക് കത്ത് നല്‍കുമെന്ന് കെഎസ്ഈബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച തദ്ദേശവകുപ്പ് മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K