06 June, 2024 12:22:56 PM


മണ്ണും മാലിന്യങ്ങളും ഓടകളിൽ: പരാതിയുമായി പേരൂർ നിവാസികൾ



ഏറ്റുമാനൂർ : ഒരു മഴ പെയ്യുമ്പോൾ റോഡുകൾ തോടാകുന്ന അവസ്ഥയിൽ ഓടകൾ നവീകരിക്കേണ്ട സാഹചര്യം നിലനിൽക്കേ ഒള്ള ഓടകളിൽ മണ്ണും മാലിന്യങ്ങളും നിക്ഷേപിക്കുന്ന കാഴ്ച പതിവാകുന്നു. ഓടകളിലെ മാലിന്യം നീക്കം ചെയ്യാതെ മാലിന്യം തുടരെ തുടരെ ഓടകളിൽ തള്ളുന്നത് വെള്ളക്കെട്ടിനും അതുവഴി ഗതാഗത തടസത്തിനും കാരണമാകുന്നു.


ഏറ്റുമാനൂർ പേരൂരിൽ മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡരികിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിനു മുന്നിൽ റോഡിലെ മണ്ണും മറ്റ് മാലിന്യങ്ങളും ഓടകളിൽ തള്ളുന്നത്  നീരൊഴുക്ക് തടസപ്പെടാൻ കാരണമാകുന്നു. ഇതിനെതിരെ നാട്ടുകാർ രംഗത്തു വന്നിരിക്കുകയാണ്. 


ഓടകളിലൂടെ വെള്ളം ഒഴുകാതെ വെള്ളം കെട്ടി നിൽക്കുന്നതിനാൽ സമീപത്തു താമസിക്കുന്നവർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഏറും. അധികാരികൾ റോഡിൽ വെള്ളകെട്ട് വന്ന ശേഷം മാലിന്യം നീക്കുന്നതിന് പകരം മാലിന്യം ഓടകളിലേക്കു തള്ളുന്ന പ്രവണത ഇല്ലാതാക്കാൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം ഇന്ന് രാവിലെ മണ്ണും മാലിന്യവും ഓടയിൽ തള്ളുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം പൊതുമരാമത്ത് വകുപ്പ്, നഗരസഭ അധികൃതരെ അറിയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K