06 May, 2024 09:31:20 AM


ടൈറ്റാനിക്കിലെ ക്യാപ്റ്റൻ നടൻ ബെര്‍നാര്‍ഡ് ഹില്‍ അന്തരിച്ചു



ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്‍റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്‍റെ ഏജന്‍റ് ലൂ കോള്‍സണ്‍ അറിയിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. 

ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ  പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു. 


ഒസ്കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ  2002-ലെ "ദ ടൂ ടവേഴ്‌സ്" എന്ന  രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  അടുത്ത വർഷം, 11 ഓസ്കറുകൾ നേടിയ "റിട്ടേൺ ഓഫ് ദി കിംഗ്" എന്ന സിനിമയിലും അദ്ദേഹം ഈ വേഷം ചെയ്തു. 

1982- അഞ്ച് തൊഴിൽരഹിതരായ ബ്രിട്ടീഷ് യുവാക്കളുടെ കഥ പറഞ്ഞ ടിവി മിനിസീരീസായ "ബോയ്‌സ് ഫ്രം ദി ബ്ലാക്ക്‌സ്റ്റഫില്‍" യോസർ ഹ്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹില്‍ പ്രശസ്തനായത്. 
ഈ വേഷത്തിന് 1983-ൽ ബാഫ്റ്റ അവാര്‍ഡ് നോമിനേഷന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇദ്ദേഹം അവസാനമായി അഭിനയിച്ച "ദി റെസ്‌പോണ്ടർ"എന്ന സീരിസിന്‍റെ  സംപ്രേഷണ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.ഷോയിലെ നായകന്‍ മാർട്ടിൻ ഫ്രീമാന്‍റെ പിതാവായാണ് ഇതില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ബെര്‍ണാഡ് ഹില്ലിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K