21 August, 2024 07:32:42 AM


മാതൃഭൂമി ലേഖകൻ കാണക്കാരി രവി അന്തരിച്ചു



കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ - 84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം. എൻ.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. 1963 മുതൽ മാത്യഭൂമി പ്രസ്ഥാനത്തിൻ്റെ ഭാഗമായ രവി, മാത്യഭൂമിയുടെ ഓഫീസ് വിഭാഗത്തിലും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിലും ഏറെക്കാലം പ്രവർത്തിച്ചു. 

കോട്ടയത്തെ പൊതുരംഗത്തെ തിളക്കമുള്ള വ്യക്തിത്വവുമായിരുന്ന രവി, മാത്യഭൂമിയുടെ ഏറ്റുമാനൂർ പ്രാദേശികലേഖകനായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്.  അന്ന് കാണക്കാരിയിൽ മാതൃഭൂമി ഏജൻസിയുമുണ്ടായിരുന്നു. പക്ഷേ കോട്ടയത്തെ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. ലൈനറായും ടെലിപ്രിന്റർ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളിൽ പിന്നീട് പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ്റെ നിർദ്ദേശപ്രകാരം മലയാളി എന്ന പത്രത്തിന്റെ ലേഖകനായി കുറച്ച് നാൾ പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ  മാതൃഭൂമി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക്കു താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്ക് മടങ്ങി.
മാതൃഭൂമി സ്റ്റഡിസർക്കിളിന്റെയും ആദ്യം മുതലുള്ള പ്രവർത്തകനാണ്.
ഭാര്യ: അംബികാദേവി. മക്കൾ: എം.ആർ.രാജേഷ് (കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ,ബെംഗളൂരു), രഞ്ചു സന്തോഷ്(മുംബൈ). മരുമക്കൾ: ശ്രീ (ശാരി -ബെംഗളൂരു), സി. സന്തോഷ് കുമാർ (സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ, മുംബൈ).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K