09 October, 2024 10:52:37 AM


ഗണിത-കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി അന്തരിച്ചു



മരങ്ങാട്ടുപിള്ളി: ഗണിത-കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.

ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനാണ് ത്രിവിക്രമൻ നമ്പൂതിരി. അച്ഛനിൽനിന്ന് സംസ്‌കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടിയ അദ്ദേഹം പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.

1963-ൽ അമേരിക്കയിലെത്തി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്‌കോൻസെൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. പിന്നീട് അവിടെയല്ലാം അധ്യാപകനായി.1974-ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ട്രെയിലർ ക്യാംപസിൽ എത്തി. അവിടെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റ് മേധാവിയായി.

ഭാര്യ: യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തർജനം. മക്കൾ: ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനീയർ). മരുമകൻ: വിജയ് ശരദേഷ് പാണ്ഡേ. സംസ്‌കാരം അമേരിക്കയിൽ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K