• ഏറ്റുമാനൂർ: ഏറ്റുമാനൂർ രോഹിണിയിൽ എം പി ഭാനുമതി(83) അന്തരിച്ചു. കോടിമത മതുമല കുടുംബാംഗമാണ്. ഭർത്താവ് കാളേച്ചു വീട്ടിൽ കെ എൻ മോഹൻ ( ആർ കെ പ്രസ്സ്). മക്കൾ: ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ഹരികൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ഹാരിദാസ്, പാർവതി. സംസ്‍കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. • തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.36 വർഷമായി കെ. സുധാകരന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കെ സുധാകരന്റെ  സംഭവബഹുലമായ ഔദ്യോഗിക രാഷ്ട്രീയ യാത്രകളിലെ സന്തതസഹചാരി ആയിരുന്നു സുരേന്ദ്രന്‍. കെ സുധാകരന്‍ നിയമസഭാംഗമായിരുന്നപ്പോഴും കണ്ണൂരില്‍ നിന്ന് ആദ്യ തവണ ലോക്‌സഭാംഗമായപ്പോഴും കണ്ണൂരില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി പദവിയിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. • തിരുവനന്തപുരം: വിഖ്യാത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാലിലെ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറാണ്. സമ​ഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.

  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. യുണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം എസ് പഠനം പൂർത്തിയാക്കി. എഫ്ആർസിഎസ്സും നേടി ഇന്ത്യയിൽ തിരിച്ചെത്തി. ചണ്ഡി​​ഗഡിലെ പിജിമറിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ജോലി ചെയ്തു. ജോൺ ഹോപ്കിൻസ് ഉൾപ്പെടെ വിദേശ സർവ്വകലാശാലകളിൽ നിന്നായിരുന്നു ഹൃദയശസ്ത്രക്രിയയിൽ ഉന്നതപഠനം.

  ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം സേവനമനുഷ്ടിച്ചു. ഹൃദയവാൽവുകൾ ശ്രീചിത്തിരയിൽ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ആദ്യമായി ലഭ്യമാക്കിയത് വല്യത്താന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വിസിയായ അദ്ദേഹം ആയുർവേദത്തിലും തന്റെ ​ഗവേഷണങ്ങൾ നടത്തി. ആയുർവേദവും അലോപ്പതിയും സമ്മന്വയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം വൈദ്യശാസ്ത്ര രം​ഗത്തേക്ക് മുന്നോട്ട് വച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപകൻ എന്നീ നിലകളിലും വല്യത്താൻ മലയാളികൾക്കും ലോകത്തിനും പ്രിയങ്കരനാണ്. • വയലാ: തേലപ്പുറത്ത് രാമചന്ദ്രൻ നായർ (71) അന്തരിച്ചു. കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനാണ്. സംസ്കാരം നാളെ പകല്‍ 2 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി ഇലയ്ക്കാട് കണ്ടച്ചം വീട്ടിൽ കുടുംബാംഗം. മക്കൾ: രാജേഷ് (കോട്ടയം ടെക്സ്റ്റയിൽസ്), രതീഷ്. മരുമക്കൾ: ദീപ ഉമ്പുകാട്ട്, മാറിയിടം (കൊച്ചു ലൂർദ് ഹോസ്പിറ്റൽ, കിടങ്ങൂർ), വിനീത രഞ്ജിനി, വയലാ (ചൈതന്യ ഹോസ്പിറ്റൽ കുറവിലങ്ങാട്) • തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. ഭാര്യ ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. • കൊച്ചി:  കോമഡി വേഷങ്ങളിലൂടെ സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ താരം കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടില്‍ വൈകിട്ട് നാലു മണിക്ക് ഭൗതിക ശരീരം എത്തിക്കും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്‌കാരം.വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. ലീല കൃഷ്ണകുമാര്‍ എന്നാണ് യഥാര്‍ഥ പേര്.

  കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ കുളപ്പുള്ളി ലീല ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നു. ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞു നിന്ന ജീവിതത്തിലുടനീളം അമ്മയായിരുന്നു തന്റെ ധൈര്യമെന്ന് പല വേദികളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. പരേതനായ കൃഷ്ണകുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്. രുഗ്മിണിയും വേര്‍പിരിഞ്ഞതോടെ ചെറിയപ്പിള്ളിയിലെ വീട്ടില്‍ ഇനി ലീല തനിച്ചാണ്.


 • ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ 'മസനദ ഹൂവു'വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.


 • കൊൽക്കത്ത: ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്നലെ കൊൽക്കത്തയിലെ വസതിയിൽ ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. 78 വയസായിരുന്നു.

  കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്. ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. പരേതനായ രാമുവാണ് ആദ്യഭർത്താവ്. അഞ്ജലി, സണ്ണി എന്നീ രണ്ടു മക്കളും ദമ്പതികൾക്കുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു. • തൊടുപുഴ: മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം.

  നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

  സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്‌സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവര്‍ഷം ജോലി ബാക്കിനില്‍ക്കേ എഫ്എസിടിയില്‍നിന്ന് വിആര്‍എസ് എടുക്കുകയായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. • കൊച്ചി: ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു. 47 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

  കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

  അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നു. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.

  ലോക്ഡൗണ്‍ കാലത്ത് കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് ജിനോസ് കിച്ചന്‍ എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്ക് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. • തളിപ്പറമ്പ്: സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

  ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 

  അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.


 • കൊച്ചി: ഹാർമോണിയം കലാകാരനായ ജോസിന്റെ മകനും സഹസംവിധായകനുമായ വാൾട്ടർ ജോസ് (56 ) അന്തരിച്ചു. ഇദ്ദേഹം രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൻറെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്.

  സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു. അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻ കൂടിയാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട്. 


 • കോട്ടയം: കുമാരനല്ലൂർ ഊരാണ്മ ദേവസ്വം മുൻ മാനേജർ  ചൂരക്കാട്ടില്ലത്ത് സി എൻ ശങ്കരൻ നമ്പൂതിരി അന്തരിച്ചു. സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ നടക്കും.


 • തിരുവനന്തപുരം: സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോ​ഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു.

  കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ മിന്നുംമിനങ്ങേ... എന്ന് തുടങ്ങുന്ന​ ​ഗാനത്താൽ ശ്രദ്ധേയമായിരുന്നു കബഡി കബഡി. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്‌സ്, ദീപൻ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.

  സിനിമ എഡിറ്റിങ്ങിൽ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത് സജീവമായിരുന്നു. ബാലയുമായി ചേർന്ന്‌ ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്. • കോട്ടയം: മുൻ സംസ്ഥാന, യൂണിവേഴ്സിറ്റി ഗുസ്തി താരം (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ (55) അന്തരിച്ചു. പിതാവ്: മാന്നാത്ത് വെസ്റ്റ് (മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായർ. മാതാവ്: തങ്കമണിയമ്മ (മണ്ഡപത്തിൽ കുടുംബാംഗം). ഭാര്യ: പ്രീതി ജി. നായർ, മക്കൾ: അഞ്ജലി ജെ. നായർ (ടി.സി. എസ്. ഗാന്ധിനഗർ), അർജുൻ ജയകുമാർ (വിദ്യാർഥി, മംഗളം എൻജിനിയറിങ് കോളജ്). 

  സഹോദരങ്ങൾ: ഗീത കെ. നായർ (റിട്ട. ടീച്ചർ അമൃതവിദ്യാലയം, തിരുവല്ല), അനിത കെ. നായർ (ഡപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ. എല്‍), എറണാകുളം), ആശലത (റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം), ഗോപു നട്ടാശ്ശേരി (കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം), ശ്രീലക്ഷ്മി (ടീച്ചർ ഗിരി ദീപം കോട്ടയം). സംസ്കാരം നാളെ നാലുമണിക്ക് നട്ടാശ്ശേരി പുത്തേട്ടുളള വീട്ടുവളപ്പിൽ.


 • നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ (37) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചയാരിന്നു അന്ത്യം.

  സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്.

  സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് കബറടക്കം.

  സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.


 • ന്യൂഡൽഹി: ലോകരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അതിസങ്കീർണമായ കാലത്ത് രാജ്യത്തിന്റെ നയതന്ത്രം വിജയകരമായി കൈകാര്യം ചെയ്ത ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ (90) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം ലോധി റോഡ് ശ്മശാനത്തിൽ.

  1933 ൽ അവിഭക്ത ബിഹാറിൽ ജനിച്ച ദുബെ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ഓക്സ്ഫഡ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി. ഇന്ത്യൻ ഹൈക്കമ്മിഷണറായി ബംഗ്ലദേശിലും യുഎന്നിന്റെ സ്ഥിരം പ്രതിനിധിയായി ജനീവയിലും സേവനമനുഷ്ഠിച്ചു.

  1990 ൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായ അദ്ദേഹം യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ് അംഗം, ബിഹാറിലെ കോമൺ സ്കൂൾ സിസ്റ്റം കമ്മിഷൻ ചെയർമാ‍ൻ, സിക്കിമിലെ പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാൻ തുടങ്ങിയ തസ്തികകളിലും സേവനമനുഷ്ഠിച്ചു.


 • ഷൊർണൂർ: നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അം​ഗവും ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അം​ഗവുമായിരുന്നു.

  അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്, ​ഗോപികൃഷ്ണൻ. സഹോദരങ്ങൾ: ആർ ബി അനിൽ കുമാർ (എസ്ടിവി ചാനൽ എംഡി), ആർ ബി മേഘനാഥൻ (നടൻ), സുജാത, സ്വർണലത.


 • അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. ദീക്ഷിതിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വേര്‍പാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് 'എക്സ്' പോസ്റ്റില്‍ ആദിത്യനാഥ് പറഞ്ഞു.

  സംസ്‌കൃത ഭാഷയ്ക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് അദ്ദേഹം എന്നും സ്മരിക്കപ്പെടും," ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിനു 86 വയസായിരുന്നു. അയോധ്യയില്‍ ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയതിനു നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീക്ഷിത് അനാരോഗ്യത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ദീക്ഷിത് നിര്‍ണായക പങ്ക് വഹിച്ചു. വാരണാസിയിലെ മുതിര്‍ന്ന പണ്ഡിതന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ നിന്നുള്ളയാളായിരുന്നു. • ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി.

  പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസൺ (1989), ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സർവോപരി പാലക്കാരനാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. • കണ്ണൂര്‍: സര്‍ക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരന്‍ ശ്രീധരന്‍ ചമ്പാട് (86) അന്തരിച്ചു. കണ്ണൂര്‍, പാട്യം, പത്തായക്കുന്നിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണല്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.


  റപ്പീസ് കലാകാരനായും പിആര്‍ഒ ആയും മാനേജരായും ഏഴുവര്‍ഷം സര്‍ക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സര്‍ക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.


 • തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ 2020ല്‍ ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്.
 • തൃശ്ശൂര്‍: മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.

  ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയവര്‍ ഏറെ. ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തില്‍. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.

  തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷന്‍ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. കേരള പൊലീസിനെ രാജ്യത്തെ ഒന്നാം കിട ടീമാക്കി വളര്‍ത്തിയ ചാത്തുണ്ണിയെ പിന്നീട് കൊല്‍ക്കത്തയിലെയും ഗോവയിലെയും വമ്പന്‍ കബ്ബുകള്‍ റാഞ്ചുകയായിരുന്നു. എഫ്‌സി കൊച്ചിനെ പരിശീലിപ്പിക്കാന്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി.


  പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ല്‍ എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
  1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, എഫ്സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു 'ഫുട്ബോള്‍ മൈ സോള്‍' എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.


 • ബെംഗ്ലൂരു: പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. പോക്കുവെയില്‍ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നു.


  ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകള്‍ ചെയ്ത രാജീവ് താരാനാഥ് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.. നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം ഒരുക്കിയിട്ടുള്ള രാജീവ് താരാനാഥ് മലയാളത്തില്‍ കടവ് എന്ന സിനിമയ്ക്കും സംഗീതം ഒരുക്കിയിരുന്നു. നാളെ മൈസൂരിലെ സ്വവസതിയില്‍ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട് നടക്കും.


 • ഹൈദരാബാദ്: റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവു (87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് റാമോജി റാവു.


  നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 2016 ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്.

  റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ അതിജീവിച്ചത്. ഈനാട് പത്രം, ഇടിവി നെ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.


 • വടക്കാഞ്ചേരി: സിപിഎമ്മിന്റെ മുതിർന്ന നേതാവും കർഷക തൊഴിലാളി സമര നേതാവുമായിരുന്ന കെഎസ് ശങ്കരൻ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് പറവൂരുള്ള മകൾ ലോഷിനയുടെ വീട്ടിൽ ആയിരുന്നു അവസാന നാളുകളിൽ


  കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂർ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. വേലൂർ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധി ജനകീയ, വിപ്ലവ സമരങ്ങൾക്ക് നേതൃത്വം' നൽകിയിട്ടുണ്ട്.

  ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ' വസതിയിലും തുടർന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് തിരുവില്ലാമല ഐവർ മഠത്തിൽ സംസ്‌ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ.


 • തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.


  മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്കർ 'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി.


 • കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. കേരളത്തിലെ സമാന്തര ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ചെലവൂര്‍ വേണു. ലോക സിനിമയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെലവൂര്‍ വേണു സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്.


  എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചന്ദ്രിക വാരികയില്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയാണ് തുടക്കം. പില്‍ക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകരില്‍ ഒരാളായി മാറി. 1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലുടനീളമുള്ള ഫിലിം സൊസൈറ്റികള്‍ക്ക് ദിശാപരമായ നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ചെലവൂര്‍ വേണു. സൈക്കോ എന്ന പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഇറങ്ങിയ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  ചെലവൂര്‍ വേണുവിന്റെ ചലച്ചിത്ര ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 'ചെലവൂര്‍ വേണു ജീവിതം, കാലം' എന്ന ഡോക്യുമെന്ററി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിര്‍മിച്ചിട്ടുണ്ട്. ജയന്‍ മാങ്ങാട് ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത്.


 • എറണാകുളം: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗം റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി ലിസമ്മ അഗസ്‌ററിന്‍ (74) അന്തരിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.


  1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി- വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പഴ്‌സനും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു.


 • പാലക്കാട് : സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട്  മണ്ണാർക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച്‌ ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍.എന്നാല്‍ പിന്നീട് മരണം സംഭവിച്ചു.


  ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യംപേടികൂടാതെ ഇറങ്ങി നിരവധി പേരെ രക്ഷിച്ച കരിമ്പ ഷമീര്‍ കൂര്‍മ്ബാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്‍. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്


 • കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

  മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.


 • ഗുവാഹത്തി: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മന്ത്രവാദത്തിനുമെതിരെ പടപൊരുതിയ അസമിലെ സാമൂഹിക പ്രവര്‍ത്തകയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ബിരുബാല രാഭ (75) അന്തരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്നു.

  അസമില്‍ ദുര്‍മന്ത്രവാദ നിരോധന നിയമം നടപ്പാക്കുന്നതില്‍ ബിരുബാല മുഖ്യ പങ്കുവഹിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്‍മകള്‍ക്കുമെതിരെ പോരാടാന്‍ 2012ല്‍ അവര്‍ മിഷന്‍ ബിരുബാല എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കി. 2021ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

  1985ല്‍ മാനസിക അസ്വാസ്ഥ്യമുള്ള മൂത്തമകന്‍ ധര്‍മേശ്വരന് ടൈഫോയ്ഡ് പിടിപെടുകയും ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതാണ് ബിരുബാലയുടെ ജീവത്തിലെ വഴിത്തിരിവാകുന്നത്. മകന്‍ ഉടന്‍ മരിക്കുമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ മകന്‍ സുഖം പ്രാപിച്ചതോടെ സമൂഹത്തെ തളര്‍ത്തുന്ന ദുരാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി മിഷന്‍ ബിരുബാല എന്ന സംഘടനക്ക് തുടക്കമാകുന്നത്.

  2005ല്‍ സ്വിസര്‍ലന്‍ഡിലെ ദി സ്വിസ് പീസ് എന്ന സംഘടന സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ബിരുബാലയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടേറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് മക്കളുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്രമന്ത്രി സര്‍ബാന്ദ സോനോവാള്‍ തുടങ്ങിയവര്‍ ബിരുബാലയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

  അസമിലെ ഗോള്‍പാറ ജില്ലയില്‍ മേഘാലയ അതിര്‍ത്തിക്കടുത്തുള്ള താകുര്‍വിള ഗ്രാമത്തില്‍ 1954ലാണ് രാഭ ജനിച്ചത്. ആറ് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അതോടെ പഠനം അവസാനിക്കുകയും അമ്മയെ സഹായിക്കാനും നിര്‍ബന്ധിതയായി. മൂന്ന് കുട്ടികളുള്ള കര്‍ഷകനെ വിവാഹം കഴിക്കുമ്പോള്‍ രാഭയ്ക്ക് വയസ് പതിനഞ്ചായിരുന്നു.


 • പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ബിഹാറിലെ ബിജെപിയുടെ മുഖമായിരുന്നു. ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

  രാജ്യസഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.

  'കഴിഞ്ഞ ആറ് മാസമായി ഞാന്‍ ക്യാന്‍സറുമായി പോരാടുകയാണ്. ഇപ്പോള്‍, ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എനിക്ക് പ്രചാരണം നടത്താന്‍ കഴിയില്ല.ഞാന്‍ പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാര്‍ട്ടിയോടും എപ്പോഴും നന്ദിയും സമര്‍പ്പണവുമാണ്,' എന്നാണ് അന്ന് സുശീല്‍ കുമാര്‍ മോദി എക്‌സില്‍ കുറിച്ചത്.


 • കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ ( എംസി കട്ടപ്പന) അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു.

  മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്‌വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

  സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാഴ്ച, പളുങ്ക്, അമൃതം, നായകന്‍, പളുങ്ക്, പകല്‍, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. • ചെന്നൈ: നാഗപട്ടണം എംപി എം സെല്‍വരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തമിഴ്‌നാട്ടിലെ സിപിഐ നേതാവുകൂടിയായ എം സെല്‍വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇത്തവണ മത്സരിച്ചില്ല. നാഗപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. • തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളെജ്‌ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

  സിപിഐഎം പൊളിറ്റ്‌ ബ്യൂറോ മുൻ അംഗം എസ്‌ രാമചന്ദ്രൻ പിള്ളയുടെ മൂത്തമകനാണ്‌. ബിസിനസ്‌ സ്‌റ്റാൻഡേർഡ്‌, നെറ്റ്‌വർക്ക്‌ 18 മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്‌തിട്ടുണ്ട്‌. സംസ്‌കാരം നാളെ വൈകീട്ട്‌ നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും
 •  

  ടെക്സസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു. 74 വയസായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്നു വൈകുന്നേരം ഹൃദയാഘാതം  സംഭവിക്കുകയായിരുന്നു.  നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാൻ എന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാംവയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 

  1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേ‍ർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു. 

  ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച് എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസനരംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 

  2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു. സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന്  തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിക്കും. 


 • തിരുവനന്തപുരം : പ്രശസ്ത  സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

  1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. 

  ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തിൽ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

  1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിത്. അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

  ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരൻ സന്തോഷ് ശിവൻ, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്. അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തിൽ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവൻ തന്നെ. അങ്ങനെയാണ് 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി "വ്യൂഹം" എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് "ഡാഡി", "ഗാന്ധർവ്വം", "നിർണ്ണയം" തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. "ഇഡിയറ്റ്സ്" എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

  സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുനു എന്ന് വേണമെങ്കിൽ പറയാം. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനു തന്റെ കരിയറിലെ വലിയ ബ്രേക്ക് നൽകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തിൽ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബിൽ സുരേന്ദ്രൻ സംവിധാന രംഗത്തുമുണ്ട്.

  ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർത്ഥി)


 • ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്‍റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്‍റെ ഏജന്‍റ് ലൂ കോള്‍സണ്‍ അറിയിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. 

  ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ  പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു. 


  ഒസ്കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ  2002-ലെ "ദ ടൂ ടവേഴ്‌സ്" എന്ന  രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  അടുത്ത വർഷം, 11 ഓസ്കറുകൾ നേടിയ "റിട്ടേൺ ഓഫ് ദി കിംഗ്" എന്ന സിനിമയിലും അദ്ദേഹം ഈ വേഷം ചെയ്തു. 

  1982- അഞ്ച് തൊഴിൽരഹിതരായ ബ്രിട്ടീഷ് യുവാക്കളുടെ കഥ പറഞ്ഞ ടിവി മിനിസീരീസായ "ബോയ്‌സ് ഫ്രം ദി ബ്ലാക്ക്‌സ്റ്റഫില്‍" യോസർ ഹ്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹില്‍ പ്രശസ്തനായത്. 
  ഈ വേഷത്തിന് 1983-ൽ ബാഫ്റ്റ അവാര്‍ഡ് നോമിനേഷന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

  ഇദ്ദേഹം അവസാനമായി അഭിനയിച്ച "ദി റെസ്‌പോണ്ടർ"എന്ന സീരിസിന്‍റെ  സംപ്രേഷണ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.ഷോയിലെ നായകന്‍ മാർട്ടിൻ ഫ്രീമാന്‍റെ പിതാവായാണ് ഇതില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ബെര്‍ണാഡ് ഹില്ലിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
 • തൃശൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച പാറമേക്കാവ്‌ ശാന്തിഘട്ടിൽ.

  തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന്‌ സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ്‌ തൃശൂരിൽ താമസമാക്കിയത്‌. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌.

  2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്‌, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട്‌ നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ.