06 September, 2024 09:19:49 AM


സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം അന്തരിച്ചു



തൃശ്ശൂർ:  സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. തൃശ്ശൂർ  ചൂണ്ടൽ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ–ജാനകി ദമ്പതികളുടെ മകനാണ്‌. തൃശൂരിലെ  സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സക്കായി കഴിയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടൽ പഞ്ചായത്ത്‌ കമ്മിറ്റി അംഗവും നാടക്‌ സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വർഷങ്ങളിൽ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

1992 ൽ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി  സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി.  1994 ൽ  സക്കീർ ഹുസൈൻ്റെ മ്യൂസിക്‌ ഓഫ്‌ ഡെസേർട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂർ മയ്യിൽ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ 'ഇരുൾവഴിയിലെ കനൽ നക്ഷത്രം'  എന്നിവയും ശ്രദ്ധേയമായി.  സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങൽ. യുഎഇയിലും കേരളത്തിലുമായി നാൽപ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിന്‌ കൈമാറും. ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K